അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് ക്ഷേത്ര മാനേജ്മെന്റുമായി അടുത്ത ബന്ധമുള്ള അഞ്ച് ജീവനക്കാർ ഉൾപ്പെടെ എട്ട് പേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ക്ഷേത്രത്തിലേക്ക് ലഭിക്കുന്ന സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന ചുമതലയുണ്ടായിരുന്ന രാംശങ്കർ യാദവ്, മനീഷ് യാദവ്, കരുണേഷ് പാണ്ഡെ, രാംശങ്കർ മിശ്ര, അവിനാശ് ശുക്ല എന്നിവർക്കെതിരെയാണ് പ്രധാനമായും കേസെടുത്തിരിക്കുന്നത്. ഇവർക്ക് പുറമെ വിരമിച്ച ബാങ്ക് ജീവനക്കാരനായ സുഭാഷ് ശ്രീവാസ്തവ ഉൾപ്പെടെ മറ്റ് മൂന്ന് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ കേസിലുൾപ്പെട്ട എട്ട് പേരെയും പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം, ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ഡോ. അനിൽ മിശ്ര എന്നിവരുടെ പേരുകൾ എഫ്.ഐ.ആറിൽ ഉൾപ്പെട്ടിട്ടില്ല.
ക്ഷേത്രത്തിലേക്ക് വന്ന പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്ന സമയത്ത് വ്യാപകമായി മോഷ്ടിക്കപ്പെട്ടതായാണ് പ്രതികൾക്കെതിരെയുള്ള ആരോപണം. ഈ ജോലി ലഭിച്ചതിന് ശേഷം പ്രതികൾ അയോധ്യയിലും ലഖ്നൗവിലുമായി വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് ഏകദേശം 3500 കോടി രൂപയുടെ പണത്തിന് പുറമെ വലിയ അളവിൽ സ്വർണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംഭാവനയായി ലഭിച്ചിരുന്നുവെങ്കിലും ഇവയ്ക്കൊന്നും തന്നെ കൃത്യമായ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതിനിടെ, ഈ വൻ സംഭാവന ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടുണ്ട്. എന്നാൽ കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജി നിലവിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും, അങ്ങനെ വരികയാണെങ്കിൽ തിങ്കളാഴ്ച വിഷയം വീണ്ടും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.



