India Mirror News

വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ച്: മുൻ ഡിജിപി ആർ. ശ്രീലേഖയെ പ്രതി ചേർത്തു

വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ച്: മുൻ ഡിജിപി ആർ. ശ്രീലേഖയെ പ്രതി ചേർത്തു

വിവാദമായ ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ പോലീസിനെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ച മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖയെ പോലീസ് പ്രതി ചേർത്തു. സംഘർഷത്തിൽ കലാശിച്ച സമരം ഉദ്ഘാടനം ചെയ്ത ശ്രീലേഖയെ ആദ്യം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, “പോടാ പുല്ലേ പോലീസേ” എന്നും “പിണറായിയുടെ തെമ്മാടികളേ” എന്നും പോലീസിനെതിരെ വിളിച്ച മുദ്രാവാക്യം വലിയ വിവാദമായതോടെയാണ് ശ്രീലേഖയെ ഉൾപ്പെടുത്തി പോലീസ് പ്രത്യേക റിപ്പോർട്ട് നൽകിയത്. ശ്രീലേഖയ്ക്കൊപ്പം ഡെപ്യൂട്ടി മേയർ ആശ നാഥനെയും പ്രതിചേർത്തിട്ടുണ്ട്. തനിക്കെതിരെയുള്ള പോലീസ് നടപടിയോട് “പോലീസ് അവരുടെ ജോലി ചെയ്യട്ടെ” എന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

ശ്രീലേഖയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ നേരത്തെ കടുത്ത വിമർശനവുമായി വി.കെ. പ്രശാന്ത് എംഎൽഎ രംഗത്തെത്തിയിരുന്നു. സിറ്റി പോലീസ് കമ്മീഷണർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം, വിരമിച്ച ഉദ്യോഗസ്ഥരുടെ തിട്ടൂരം വാങ്ങി ഭരിക്കേണ്ടവരല്ല സേനയിൽ ഉണ്ടാകേണ്ടതെന്നും കമ്മീഷണറുടെ നടപടി പോലീസിന്റെ മനോവീര്യം കെടുത്തുന്നതാണെന്നും കുറ്റപ്പെടുത്തി. വിഷയത്തിൽ കമ്മീഷണർക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.

കേരളത്തിലെ ആദ്യ വനിതാ ഡിജിപിയായ ഒരാൾ സേനയെ ഇത്തരത്തിൽ അധിക്ഷേപിക്കാമോ എന്ന ചോദ്യം ഐപിഎസ് അസോസിയേഷനുള്ളിലും ഉയർന്നിട്ടുണ്ട്. ശ്രീലേഖയ്ക്ക് പുറമെ മുൻ ഡിജിപി ടി.പി. സെൻകുമാറും പോലീസിന് മുന്നറിയിപ്പ് നൽകി രംഗത്തെത്തിയത് സേനയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. വട്ടിയൂർക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്മീഷണർക്ക് അയച്ച സന്ദേശം ശ്രീലേഖ പരസ്യപ്പെടുത്തിയതിനെയും അസോസിയേഷൻ കുറ്റപ്പെടുത്തി. ബിജെപിയുടെ തുടർച്ചയായ പ്രതിഷേധങ്ങൾക്കിടെ വട്ടിയൂർക്കാവ് എസ്എച്ച്ഒ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ശ്രീലേഖയുടെ നിലപാടുകൾക്കെതിരെ ഔദ്യോഗികമായി പരസ്യ പ്രതികരണം നടത്തണമെന്ന നിലപാടിലാണ് ഐപിഎസ് അസോസിയേഷനിലെ ഭൂരിഭാഗം അംഗങ്ങളും.

administrator

Leave a Reply

Your email address will not be published. Required fields are marked *