തിരുവനന്തപുരം കോർപറേഷനിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ.എം കൗൺസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി കൗൺസിലറായ മേയർ വി.വി. രാജേഷ് ഉൾപ്പെടെ പത്തുപേർക്കെതിരെയാണ് പൊലീസ് ആദ്യ കേസ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ ബി.ജെ.പി കൗൺസിലറുടെ പരാതിയിൽ സി.പി.ഐ.എം കൗൺസിലർ എസ്.പി. ദീപക് ഉൾപ്പെടെ അഞ്ചുപേരെ പ്രതിചേർത്തും കേസെടുത്തിട്ടുണ്ട്. മേയറുടെ ഓഫീസിന് മുന്നിൽ വെച്ചുണ്ടായ കടുത്ത സംഘർഷത്തിൽ ആറ് എൽ.ഡി.എഫ് കൗൺസിലർമാർക്കും മേയർ അടക്കം നാല് ബി.ജെ.പി കൗൺസിലർമാർക്കും പരിക്കേറ്റിരുന്നു. കാപ്പ കേസിൽ ഉൾപ്പെട്ട് നിലവിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിയ പ്രതിഷേധമാണ് ഇരുവിഭാഗവും തമ്മിലുള്ള ചേരിതിരിഞ്ഞുള്ള വലിയ സംഘർഷത്തിൽ കലാശിച്ചത്. തങ്ങളുടെ വനിതാ കൗൺസിലർമാരെ എൽ.ഡി.എഫ് പ്രതിനിധികൾ മർദ്ദിച്ചുവെന്ന് ബി.ജെ.പി ആരോപിക്കുമ്പോൾ, രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി അക്രമം അഴിച്ചുവിട്ടത് ബി.ജെ.പിയാണെന്ന് എൽ.ഡി.എഫും തിരിച്ചു കുറ്റപ്പെടുത്തുന്നു.
സുഗതന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് എൽ.ഡി.എഫ് തീരുമാനം. ഈ ആവശ്യത്തിന് പിന്നിൽ കോർപറേഷൻ ഭരണത്തെ ബാധിക്കുന്ന വലിയൊരു രാഷ്ട്രീയ സമവാക്യം കൂടിയുണ്ട്. ആകെ 101 കൗൺസിലർമാരുള്ള തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പിയുടെ അംഗബലം അമ്പതാണ്. നിലവിൽ ഒരു സ്വതന്ത്ര കൗൺസിലറായ പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് ബി.ജെ.പി ഭരണം നിലനിർത്തുന്നത്. ജയിലിലുള്ള ആർ. സുഗതൻ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടാൽ ബി.ജെ.പിയുടെ സ്വന്തം അംഗങ്ങളുടെ എണ്ണം 49 ആയി ചുരുങ്ങും. അങ്ങനെയൊരു സാഹചര്യത്തിൽ സ്വതന്ത്രൻ പിന്തുണ പിൻവലിക്കുക കൂടി ചെയ്താൽ ഭരണസമിതിക്ക് ഭൂരിപക്ഷം പൂർണ്ണമായും നഷ്ടപ്പെടും. കോർപറേഷൻ ഭരണം കൈവിട്ടുപോകാനിടയുള്ള ഈ കടുത്ത രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കാനാണ് ആർ. സുഗതനെ രാജിവെപ്പിക്കാതെ സംരക്ഷിക്കാൻ ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണസമിതി കിണഞ്ഞു ശ്രമിക്കുന്നത്.



