യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണം തങ്ങളുടെ സമുദ്രാതിർത്തിയിൽ വെച്ച് വിജയകരമായി പ്രതിരോധിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിനെതിരെയുള്ള ഏത് ഭീഷണിയെയും ചെറുക്കാൻ യുഎഇ സായുധ സേന പൂർണ്ണ സജ്ജമാണെന്നും വ്യോമാതിർത്തിയിൽ 24 മണിക്കൂറും എയർ ഡിഫൻസ് സിസ്റ്റം കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അമേരിക്കൻ താവളം ആക്രമിച്ചതായി ഇറാൻ അവകാശവാദം ഉന്നയിച്ച പശ്ചാത്തലത്തിൽ, സംഭവത്തെക്കുറിച്ച് വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
അതിനിടെ, തങ്ങളുടെ ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും, പ്രദേശത്തെ മൈനുകൾ നീക്കം ചെയ്ത് ഹോർമുസ് തങ്ങൾ നേരത്തെ തന്നെ തുറന്നതായാണ് അമേരിക്കയുടെ നിലപാട്. സാമ്പത്തിക ഉപരോധങ്ങളിലൂടെ കൂടുതൽ വിട്ടുവീഴ്ചകൾക്ക് ഇറാനെ നിർബന്ധിതരാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. എന്നാൽ നേരത്തെ ഒപ്പുവെച്ച സമാധാന ധാരണ പുനഃസ്ഥാപിച്ച് ഉപരോധങ്ങൾ ഒഴിവാക്കുകയാണ് ഇറാന്റെ പ്രധാന ലക്ഷ്യം. നിലവിൽ ഖത്തറും തുർക്കിയും മേഖലയിലെ നയതന്ത്ര ചർച്ചകൾക്കും സമാധാന ശ്രമങ്ങൾക്കുമായി ഇടപെടലുകൾ തുടരുകയാണ്.



