ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ നടപടികളിൽ യൂറോപ്യൻ യൂണിയനും പങ്കുചേർന്നതായി അമേരിക്കൻ ട്രഷറി സെക്രട്ടറി പ്രഖ്യാപിച്ചു. ഇതോടെ ഇറാനുമേലുള്ള സാമ്പത്തിക സമ്മർദ്ദം കടുക്കുമ ഉറപ്പായിട്ടുണ്ട്. എന്നാൽ, സാമ്പത്തിക യുദ്ധത്തിൽ പങ്കാളികളാകുന്ന നടപടിയെ യഥാർത്ഥ യുദ്ധമായി കണക്കാക്കി ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. എണ്ണശേഖരം കുറയുകയും ബോണ്ടുകളിലും എണ്ണവിലയിലും വൻ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന അമേരിക്ക തങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച മറച്ചുവെക്കാനാണ് ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ തിരിച്ചടിച്ചു. ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും സെപ്റ്റംബർ 2 വരെയുള്ള 11 ദിവസത്തിനുള്ളിൽ 100 കോടി ഡോളറിന്റെ എണ്ണ വിൽപന നടത്താൻ തങ്ങൾക്ക് സാധിച്ചതായും ഇറാൻ അവകാശപ്പെട്ടു.
അതിനിടെ, രാജ്യത്തുണ്ടായ ഒരു വിവാഹച്ചടങ്ങിലേക്ക് അമേരിക്ക ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് നൂതന ഗൈഡഡ് ബോംബിന്റെ ചിത്രങ്ങൾ സഹിതം ഇറാൻ ആരോപിച്ചെങ്കിലും അമേരിക്ക ഇത് നിഷേധിച്ചിട്ടുണ്ട്. അതേസമയം, നിലവിൽ പ്രത്യക്ഷത്തിൽ കാര്യമായ ഏറ്റുമുട്ടലുകളൊന്നുമില്ലാതെ കഴിഞ്ഞ 24 മണിക്കൂറിലേറെയായി മേഖലയിൽ സംഘർഷങ്ങൾക്ക് താത്കാലിക ശമനം അനുഭവപ്പെടുന്നുണ്ട്.



