India Mirror News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അന്വേഷണസംഘത്തിന് മുന്നിൽ പരാതി പ്രവാഹം; കെഎഎസിലും അഴിമതി ആരോപണം.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അന്വേഷണസംഘത്തിന് മുന്നിൽ പരാതി പ്രവാഹം; കെഎഎസിലും അഴിമതി ആരോപണം.

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിനായി പ്രത്യേക സംഘം (എസ്‌ഐടി) രൂപീകരിച്ചതിന് പിന്നാലെ വ്യാപക പരാതികളുമായി ഉദ്യോഗാർത്ഥികൾ. ആദ്യ ദിവസം തന്നെ പത്തിലേറെ പരാതികളാണ് അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയിലും ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിലും ഉൾപ്പെടെ വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഉയർന്നുവന്നിരിക്കുന്ന പ്രധാന ആരോപണങ്ങൾ. പരാതിക്കാരുടെ മൊഴികൾ രേഖപ്പെടുത്തുന്ന അന്വേഷണ സംഘം പിഎസ്‌സിയിലെ ഔദ്യോഗിക രേഖകളും വിശദമായി പരിശോധിക്കും. തുടർന്ന് പിഎസ്‌സി ജീവനക്കാരുടെ മൊഴിയെടുത്ത ശേഷം ജൂലൈ 25-ഓടെ പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് കൈമാറാനാണ് തീരുമാനം. ഈ പ്രാഥമിക റിപ്പോർട്ട് വിലയിരുത്തിയ ശേഷമാകും കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

അതിനിടെ, പ്രതിദിനം പരാതികൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളുടെ എണ്ണം എട്ടായി ഉയർത്തി. എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ഒരു എസ്പിയും ഡിവൈഎസ്പിയും ഇൻസ്പെക്ടറും അടങ്ങുന്നതാണ് പുതിയ സംഘം. പ്ലാനിംഗ് ബോർഡ് ചീഫ്, ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്, കെഎഎസ് പരീക്ഷകളാണ് മുൻഗണനാ ക്രമത്തിൽ ആദ്യം അന്വേഷിക്കുക. ഇതിനുപുറമേ മുൻപ് നടന്ന സമാന അഭിമുഖങ്ങൾ, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫീസർ പരീക്ഷ, ഹോട്ടൽ മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പരീക്ഷ എന്നിവയിലും അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയിൽ പത്ത് ഉത്തരങ്ങൾ മൂല്യനിർണ്ണയം നടത്താതെ വിട്ടതും, ഇതിൽ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നൽകിയതുമാണ് വിവാദങ്ങൾക്ക് ആക്കം കൂട്ടിയത്. പിന്നീട് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഉദ്യോഗാർത്ഥി പരാതി നൽകിയപ്പോഴാണ് പിഎസ്‌സിക്ക് പിഴവ് സമ്മതിക്കേണ്ടി വന്നത്. സുപ്രീം കോടതി നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി അഭിമുഖങ്ങളിൽ മാർക്ക് വാരിക്കോരി നൽകിയെന്ന ഗൗരവതരമായ പരാതിയും അന്വേഷണ സംഘത്തിന്റെ പരിഗണനയിലുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *