ഫിഫ ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ബ്രസീൽ നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാനറികൾ സ്കോട്ട്ലൻഡിനെ തകർത്തത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റുകളോടെ ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായാണ് ബ്രസീൽ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. ബ്രസീലിനായി സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകൾ നേടിയപ്പോൾ, മൂന്നാം ഗോൾ മാത്യൂസ് കുന്യയുടെ വകയായിരുന്നു. പരിക്ക് മാറി നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും ബ്രസീൽ ജഴ്സിയിൽ കളിക്കളത്തിൽ തിരിച്ചെത്തി എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആധിപത്യം പുലർത്തിയ ബ്രസീൽ ഏഴാം മിനിറ്റിൽ തന്നെ വിനീഷ്യസ് ജൂനിയറിലൂടെ ആദ്യ ഗോൾ കണ്ടെത്തി. തുടർന്ന് 22-ാം മിനിറ്റിൽ വിനീഷ്യസ് വീണ്ടും പന്ത് വലയിലെത്തിച്ചെങ്കിലും വാർ (VAR) പരിശോധനയ്ക്ക് ശേഷം റഫറി അത് ഓഫ്സൈഡ് വിധിച്ച് ഗോൾ നിഷേധിക്കുകയായിരുന്നു. എന്നാൽ ആദ്യ പകുതിയുടെ അധിക സമയത്ത് വിനീഷ്യസ് തന്നെ ബ്രസീലിന്റെ ലീഡുയർത്തി രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിലും ആക്രമണം തുടർന്ന കാനറികൾക്കായി 60-ാം മിനിറ്റിൽ മാത്യൂസ് കുന്യ മൂന്നാം ഗോളും സ്വന്തമാക്കി വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ 76-ാം മിനിറ്റിലാണ് ആരാധകർ കാത്തിരുന്ന ആ നിമിഷമെത്തിയത്; പകരക്കാരനായി നെയ്മർ ജൂനിയർ കളത്തിലിറങ്ങി. കടുത്ത പരിക്കിനെ തുടർന്ന് രണ്ട് വർഷത്തിലേറെയായി കളിക്കളത്തിന് പുറത്തായിരുന്ന നെയ്മർ, കൃത്യമായി പറഞ്ഞാൽ 980 ദിവസങ്ങൾക്ക് ശേഷമാണ് ഈ ലോകകപ്പിലൂടെ ബ്രസീൽ ദേശീയ ടീമിനായി വീണ്ടും ബൂട്ടുുകെട്ടിയത്.



