ജർമൻ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തിൽ നിന്ന് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. ഗുരുഗ്രാം ടെക് ഹബ്ബിൽ പ്രവർത്തിച്ചിരുന്ന മുന്നൂറ്റമ്പതോളം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. പിരിച്ചുവിട്ട ജീവനക്കാരുടെ കൃത്യമായ കണക്കുകൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ബിസിനസ് ആവശ്യങ്ങൾ മുൻനിർത്തി പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിന്റെയും പുനഃക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന കമ്പനി യോഗത്തിലാണ് ലേ-ഓഫ് പ്രഖ്യാപനമുണ്ടായത്. ഇതിന് പിന്നാലെ ചില ജീവനക്കാർക്ക് ഉടനടി എക്സിറ്റ് ലെറ്റർ കൈമാറുകയും മറ്റു ചിലർക്ക് ഡിസംബർ 15 വരെ തുടരാൻ സമയം അനുവദിക്കുകയും ചെയ്തു. ഈ സമയത്തിനുള്ളിൽ കമ്പനിക്കുള്ളിൽ തന്നെ മറ്റ് ജോലി കണ്ടെത്താനാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
കമ്പനിയുടെ വളർച്ചയ്ക്ക് സഹപ്രവർത്തകർ നൽകിയ സംഭാവനകൾക്ക് നന്ദി അറിയിച്ച അഡിഡാസ്, ഈ പ്രതിസന്ധി ഘട്ടത്തിൽ ബാധിക്കപ്പെട്ട ജീവനക്കാർക്ക് ആവശ്യമായ പിന്തുണ നൽകാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സാങ്കേതിക മേഖലയിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് ദീർഘകാല വിജയം ലക്ഷ്യമിട്ടാണ് നീക്കമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഗുരുഗ്രാം ഹബ്ബിലെ എഴുനൂറോളം ജീവനക്കാരിൽ പകുതിയോളം പേരെ, അതായത് 45 മുതൽ 50 ശതമാനം വരെ ആളുകളെ ഈ ലേ-ഓഫ് ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഡാറ്റാ എഞ്ചിനീയർമാർ തുടങ്ങിയ തസ്തികകളിൽ ഉള്ളവരെയാണ് പിരിച്ചുവിടൽ പ്രധാനമായും ബാധിച്ചിരിക്കുന്നത്.



