അന്താരാഷ്ട്ര തലത്തിലെ വലിയൊരു വിഷയത്തിൽ അമേരിക്കയുടെ നിലപാട് എന്തെന്ന് ലോകമെമ്പാടും ഉറ്റുനോക്കുന്ന ഒന്നാണ്. അതുപോലെ പതിറ്റാണ്ടുകളായി ലോക വിപണിയെ ഭരിച്ചുകൊണ്ടിരിക്കുന്നത് അമേരിക്കയുടെ ഡോളറാണ്. എന്നാൽ, ഇതിലൊരു മാറ്റം ആഗ്രഹിക്കുകയാണ് മറ്റു ലോക രാജ്യങ്ങൾ. അന്താരാഷ്ട്ര വ്യാപാരത്തിലും സാമ്പത്തിക ഇടപാടുകളിലും അമേരിക്കൻ ഡോളറിനുള്ള അമിതമായ ആശ്രിതത്വം കുറച്ച്, സ്വന്തം കറൻസികളിലോ മറ്റ് ആഗോള കറൻസികളിലോ വ്യാപാരം നടത്തുന്ന പ്രക്രിയയായ ‘ഡി-ഡോളറൈസേഷൻ’ ഇന്ന് ലോകമെമ്പാടും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. സാധാരണഗതിയിൽ ഇന്ത്യ വിദേശത്തുനിന്ന് ക്രൂഡോയിൽ വാങ്ങുമ്പോൾ ഡോളറിലാണ് പണം നൽകിയിരുന്നത്. എന്നാൽ ഇതിന് പകരമായി ഇന്ത്യൻ രൂപയോ വിൽക്കുന്ന രാജ്യത്തിന്റെ സ്വന്തം കറൻസിയോ ഉപയോഗിച്ച് നേരിട്ട് ഇടപാട് നടത്തുന്ന രീതിയാണ് ഡി-ഡോളറൈസേഷൻ കൊണ്ട് അർത്ഥമാക്കുന്നത്. ഡോളറിന്റെ ആധിപത്യം അവസാനിപ്പിക്കാൻ ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഈ നീക്കം സജീവമാക്കിയിട്ടുണ്ട്.
ചില രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളാണ് ലോകരാജ്യങ്ങളെ ഇത്തരം ഒരു മാറ്റത്തിലേക്ക് നയിച്ചത്. റഷ്യ-ഉക്രെയ്ൻ യുദ്ധത്തെ തുടർന്ന് അമേരിക്ക റഷ്യയുടെ ഡോളർ കരുതൽ ശേഖരം മരവിപ്പിക്കുകയും ആഗോള ബാങ്കിംഗ് ശൃംഖലയായ ‘സ്വിഫ്റ്റിൽ’ നിന്ന് റഷ്യയെ പുറത്താക്കുകയും ചെയ്തിരുന്നു. ഡോളറിനെ അമിതമായി ആശ്രയിച്ചാൽ ഭാവിയിൽ സ്വന്തം രാജ്യത്തിനും സമാനമായ തിരിച്ചടി നേരിടാമെന്ന ഭയം മറ്റു രാജ്യങ്ങളെ ബദൽ മാർഗങ്ങൾ തേടാൻ പ്രേരിപ്പിച്ചു. കൂടാതെ, അമേരിക്കയിൽ പലിശനിരക്കുകൾ ഉയരുമ്പോൾ ഡോളറിന്റെ മൂല്യം കൂടുകയും അത് ഇന്ത്യ പോലെയുള്ള വളർന്നുവരുന്ന രാജ്യങ്ങൾക്ക് ഇറക്കുമതിച്ചെലവും പണപ്പെരുപ്പവും വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതോടൊപ്പം വിദേശനാണയ കരുതൽ ശേഖരത്തിൽ ഡോളറിന്റെ വിഹിതം കുറച്ച് സ്വർണവും മറ്റ് കറൻസികളും ശേഖരിക്കാനും രാജ്യങ്ങൾ ശ്രദ്ധിക്കുന്നു. ഈ പ്രക്രിയയിൽ തന്ത്രപരമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. യു.എ.ഇ, റഷ്യ, മലേഷ്യ തുടങ്ങി ഇരുപതോളം രാജ്യങ്ങളുമായി ഇന്ത്യൻ രൂപയിൽ നേരിട്ട് വ്യാപാരം നടത്താൻ ഇന്ത്യ കരാറുകളുണ്ടാക്കിയിട്ടുണ്ട്. ചൈന തങ്ങളുടെ ‘യുവാൻ’ ആഗോള വ്യാപാരത്തിൽ ഉയർത്തിക്കാട്ടാൻ ശ്രമിക്കുമ്പോൾ, ഇന്ത്യ സ്വന്തം രൂപയുടെ ആഗോളീകരണം ഉറപ്പാക്കാനാണ് മുൻഗണന നൽകുന്നത്. ഡോളറിന്റെ ആധിപത്യം പെട്ടെന്ന് അവസാനിക്കില്ലെങ്കിലും ലോക സാമ്പത്തിക രംഗം പുതിയൊരു യുഗത്തിലേക്ക് കടക്കുകയാണെന്നത് വ്യക്തമാണ്.



