സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഈ മാസം 25 മുതൽ 31 വരെ നടക്കുന്ന കായികമേളയുടെ ഔപചാരിക ഉദ്ഘാടനം പ്രധാന വേദിയായ എൻ.ഐ.ടി ഫ്ലെഡ് ലിറ്റ് സ്റ്റേഡിയത്തിൽ വെച്ച് അടുത്ത ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും. വിദ്യാഭ്യസ മന്ത്രി അധ്യക്ഷനാവുന്ന ചടങ്ങിൽ മേളയുടെ ബ്രാൻഡ് അംബാസിഡറായ ഒളിമ്പ്യൻ പി.ടി. ഉഷ ദീപശിഖ തെളിയിക്കും. ‘സേ നോ ടു ഡ്രഗ്സ്’ എന്ന ലഹരിവിരുദ്ധ സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങിൽ 4000 കായികതാരങ്ങളുടെ മാർച്ച് പാസ്റ്റും 3000 കുട്ടികൾ അണിനിരക്കുന്ന കലാസാംസ്കാരിക പരിപാടികളും അരങ്ങേറും.
പത്ത് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ അത്ലറ്റിക്സ് വിഭാഗത്തിൽ മാത്രം സബ് ജൂനിയർ, ജൂനിയർ, സീനിയർ തലങ്ങളിലായി 2800 കായികതാരങ്ങൾ മാറ്റുരയ്ക്കും. ഇൻക്ലൂസീവ് സ്പോർട്സിന് പ്രത്യേക പ്രാധാന്യം നൽകുന്ന ഇത്തവണത്തെ മേളയിൽ ആ വിഭാഗത്തിൽ നിന്ന് രണ്ടായിരത്തോളം താരങ്ങൾ പങ്കെടുക്കും. കായികതാരങ്ങളും ഒഫീഷ്യലുകളും ഉൾപ്പെടെ പതിനഞ്ചായിരത്തോളം പേർ പങ്കാളികളാകുന്ന കായികമാമാങ്കത്തിന്റെ അത്ലറ്റിക്സ് മത്സരങ്ങൾ ഒക്ടോബർ 27 മുതൽ 31 വരെ എൻ.ഐ.ടി സ്റ്റേഡിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 31-ന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഒളിമ്പ്യൻ അഞ്ചു ബോബി ജോർജ്ജ് മുഖ്യാതിഥിയാകും.



