India Mirror News

വിമുക്തഭടന്മാരെയും പ്രതിഭകളെയും ആദരിച്ച് കടുത്തുരുത്തി എക്സ് സർവ്വീസ് ലീഗ് പതിനഞ്ചാമത് വാർഷികാഘോഷം

വിമുക്തഭടന്മാരെയും പ്രതിഭകളെയും ആദരിച്ച് കടുത്തുരുത്തി എക്സ് സർവ്വീസ് ലീഗ് പതിനഞ്ചാമത് വാർഷികാഘോഷം

കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് കടുത്തുരുത്തി യൂണിറ്റിന്റെ പതിനഞ്ചാമത് വാർഷികവും കുടുംബസംഗമവും കടുത്തുരുത്തി വിമുക്തഭട ഭവനനിൽ വെച്ച് അതീവ ഗംഭീരമായി സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് സാബു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം ബഹു. ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്രിഗേഡിയർ എം. ഡി. ചാക്കോ (Rtd) മുഖ്യപ്രഭാഷണവും അഡ്വ. റോയ് ജോർജ്ജ് ഗാന്ധിദിന സന്ദേശവും നൽകിയ ചടങ്ങിൽ ഇന്ത്യ – പാക് യുദ്ധങ്ങളിൽ പങ്കെടുത്ത വിമുക്തഭടന്മാരെയും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ആദരിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ചടങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം കടുത്തുരുത്തിയുടെ അഭിമാനവും, വിമുക്തഭടൻ ടി. ജെ. സണ്ണിയുടെ മകനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിക്ക് നാടിന്റെ ആദരവ് സമർപ്പിച്ചതായിരുന്നു. ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററായ ‘പ്രയത്ന’യിലൂടെ കുട്ടികളുടെ ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ വിവിധങ്ങളായ വൈകല്യങ്ങളുടെ പുനരധിവാസ മേഖലയിൽ നൽകിയ സമാനതകളില്ലാത്ത സേവനത്തിനും ഓക്യുപേഷണൽ തെറാപ്പിയിൽ പി.എച്ച്.ഡി. കരസ്ഥമാക്കിയതിനുമാണ് അദ്ദേഹത്തെ മന്ത്രി മോൻസ് ജോസഫ് പ്രത്യേക പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചത്.

ചെന്നൈയിൽ നിന്നാണ് ഡോ. ജോസഫ് സണ്ണി ഓക്യുപേഷണൽ തെറാപ്പിയിൽ ബാച്ചിലർ, മാസ്റ്റേഴ്സ് ബിരുദങ്ങൾ പൂർത്തിയാക്കിയത്. തുടർന്ന് ജയ്പൂർ എം. വി. ജി. യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോ. ജോസഫ് സണ്ണി പി.എച്ച്.ഡി. നേടിയത്. അമേരിക്കയിലെ സതേൺ കാലിഫോർണിയയിൽ വികസിപ്പിച്ചെടുത്ത അസസ്മെന്റ് ടെസ്റ്റ് അടിസ്ഥാനമാക്കി, കേരളത്തിലെ കുട്ടികളിലെ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാൻ കഴിയുന്ന സ്ക്രീനിംഗ് ടെസ്റ്റിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. പി.എസ്.സി. ഒന്നാം റാങ്ക് ഹോൾഡറായ അദ്ദേഹം കേരള ആരോഗ്യവകുപ്പിൽ അഞ്ചു വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ. ജോസഫ് സണ്ണിയുടെ സേവനങ്ങളെയും നിശ്ചയദാർഢ്യത്തെയും മന്ത്രി അഡ്വ. മോൻസ് ജോസഫ് തന്റെ പ്രസംഗത്തിൽ പ്രത്യേകം പ്രശംസിച്ചു.

താൻ മുൻപ് അമേരിക്കയിലെ സതേൺ കാലിഫോർണിയ സന്ദർശിച്ചപ്പോൾ അവിടെ നേരിട്ട് കണ്ട അനുഭവങ്ങളെക്കുറിച്ചും മന്ത്രി പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു. ഓക്യുപേഷണൽ തെറാപ്പി എന്ന വിഷയം നമ്മുടെ നാട്ടിൽ വളരെ അപൂർവ്വവും വലിയ പ്രാധാന്യമുള്ളതുമായ ഒന്നാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അക്കാലത്ത് ഇത്തരമൊരു അപൂർവ്വ മേഖല തെരഞ്ഞെടുക്കാനും അതിൽ ഉന്നത പഠനവും ഗവേഷണവും നടത്താനും ഡോ. ജോസഫ് സണ്ണി കാണിച്ച ആർജ്ജവവും ധൈര്യവും പ്രശംസനീയമാണ്.

പഠനത്തിനുശേഷം എറണാകുളം കേന്ദ്രീകരിച്ച് ‘പ്രയത്ന’ എന്ന പേരിൽ വിപുലമായ ഒരു ചൈൽഡ് ഡെവലപ്മെൻ്റ് സെൻ്റർ പടുത്തുയർത്താൻ അദ്ദേഹം കാണിച്ച സംരംഭകത്വ മികവും ധൈര്യവും എടുത്തുപറയേണ്ടതാണ്. വൈകല്യങ്ങൾ നേരിടുന്ന ലക്ഷക്കണക്കിന് കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പുതിയ പ്രതീക്ഷയും ജീവിതവും നൽകാൻ ഇതിലൂടെ സാധിച്ചു. നാടിനും കേരളത്തിലെ മൊത്തം തെറാപ്പി മേഖലയ്ക്കും ഡോ. ജോസഫ് സണ്ണി നൽകിയ ഈ മഹത്തായ സംഭാവനകളിൽ കടുത്തുരുത്തിക്കും കേരളത്തിനും ഒരുപോലെ അഭിമാനിക്കാമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

വിക്രമൻ സി.കെ. സ്വാഗതവും ടി.വി. വർക്കി, അന്നമ്മ സിറിയക് എന്നിവർ റിപ്പോർട്ടുകളും അവതരിപ്പിച്ച ഈ വർണ്ണാഭമായ സമ്മേളനത്തിൽ വിവിധ ജനപ്രതിനിധികളും എക്സ് സർവ്വീസസ് ലീഗ് ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *