റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അനുമതി നൽകുന്ന റഷ്യ ഉപരോധ ബിൽ അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. 159-നെതിരെ 262 വോട്ടുകൾക്കാണ് ബിൽ പാസായത്. കഴിഞ്ഞ മാസം 11-നെതിരെ 86 വോട്ടുകൾക്ക് സെനറ്റിലും ഈ ബിൽ പാസായിരുന്നു. ‘ലിൻഡ്സി ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്റ് ഇറാൻ ആക്ട് ഓഫ് 2026’ എന്ന് പേരിട്ടിരിക്കുന്ന ഈ ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ ഇത് ഔദ്യോഗിക നിയമമായി മാറും.
ബിൽ നിയമമാകുന്നതോടെ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങൾ ഇന്ത്യയ്ക്ക് കനത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. എന്നാൽ ഇതിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട് നിർണ്ണായകമാകും. ബിൽ പാസായെങ്കിലും ഇന്ത്യയ്ക്കുമേൽ ഉടനടി 100 ശതമാനം തീരുവ പ്രാബല്യത്തിൽ വരില്ലെങ്കിലും, അമേരിക്ക ഇത്തരം ഒരു നീക്കത്തിലേക്ക് കടന്നാൽ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിനെ ദുർബലമാക്കുകയും ഇന്ത്യൻ വ്യാപാരികൾക്കും കർഷകർക്കും കടുത്ത തിരിച്ചടിയാകുകയും ചെയ്യും. കൂടാതെ ഇറക്കുമതി ചെലവ് വർദ്ധിക്കുന്നത് രൂപയുടെ മൂല്യം ഇടിയുന്നതിനും പണപ്പെരുപ്പം, എണ്ണവില, വ്യാവസായിക ചെലവുകൾ എന്നിവ ഉയരുന്നതിനും കാരണമാകും. റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കേണ്ടി വന്നാൽ ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരികയും അമേരിക്കയുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങളിൽ തർക്കങ്ങൾ രൂപപ്പെടുകയും ചെയ്യാം. അതേസമയം, അമേരിക്കൻ ജനപ്രതിനിധി സഭയിലെ പുതിയ നീക്കങ്ങളെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.



