റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തിയതെന്നും മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഒരു നടപടിയും കേരള പൊലീസ് സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിൽ നടന്ന പരിശോധന തികച്ചും നിയമപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഒരിക്കലും മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ല. കേസിൽ മാധ്യമപ്രവർത്തകരെ പ്രതിയാക്കിയിട്ടില്ലെന്നും അന്വേഷണം അവർക്കെതിരെയല്ലെന്നും പറഞ്ഞ മന്ത്രി, മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നതെന്നും കൂട്ടിച്ചേർത്തു.
കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ എല്ലാ വിവരങ്ങളും ആഭ്യന്തരമന്ത്രി തത്സമയം അറിയേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസ് റൂമും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാലാണ് റെയ്ഡിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടികൾ അവിടെയുണ്ടായത്. ചാനലിൽ നടത്തിയ പരിശോധനയിൽ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ആഭ്യന്തരമന്ത്രി, റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ലെന്നും ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കേസ് അല്ലെന്നും ഉറപ്പുനൽകി. വസ്തുതകൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സി.പി.ഐ.എം തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല വിമർശിച്ചു.



