സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെൻസറിംഗ് പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റ് നേടി. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസും സുജിത് ജെ നായരും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തും. നടി നിലീൻ സാന്ദ്ര കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിൽ അഖില ഭാർഗവനാണ് നായിക. കോമയിൽ നിന്ന് ഉണരുന്ന പ്രധാന കഥാപാത്രത്തിന് അസാധാരണമായ കേൾവിശക്തി ലഭിക്കുന്നതും, തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന കൗതുകകരവും ആവേശകരവുമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സംഗീത് പ്രതാപും ഷറഫുദ്ദീനും തമ്മിലുള്ള രസകരമായ കെമിസ്ട്രിയും, വിതരണം ചെയ്ത രണ്ട് പാട്ടുകളും, ടീസറും ട്രെയ്‌ലറും ഇതിനോടകം വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. മികച്ച ശബ്ദമിശ്രണത്തിനും സൗണ്ട് ഡിസൈനിനും പ്രാധാന്യം നൽകി ഉയർന്ന സാങ്കേതിക തികവോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങിയവർ അണിനിരക്കുന്ന ചിത്രത്തിന്റെ അണിയറയിൽ അഖിൽ സേവ്യർ (ഛായാഗ്രഹണം), രാകേഷ് ചെറുമഠം (എഡിറ്റിംഗ്), മുജീബ് മജീദ് (സംഗീതം), നിക്സൺ ജോർജ് (സൗണ്ട് ഡിസൈൻ) എന്നിവർ പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ മ്യൂസിക് അവകാശം തിങ്ക് മ്യൂസിക്കും, ഓവർസീസ് അവകാശം ദി പ്ലോട്ട് പിക്ചേഴ്സും, കേരളത്തിലെ വിതരണം ഡ്രീം ബിഗ് ഫിലിംസും സ്വന്തമാക്കി.



