ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷാ ക്രമക്കേട് കേസിൽ പോലീസും പി.എസ്.സിയും തമ്മിലുള്ള തർക്കം നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നു. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് പി.എസ്.സി. അന്വേഷണവുമായി സഹകരിക്കുമെങ്കിലും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തുവാൻ സാധിക്കില്ലെന്ന കാര്യം ഔദ്യോഗികമായി അറിയിക്കും. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നടപടികൾ കടുപ്പിച്ചാൽ ഉടനടി ഹൈക്കോടതിയെ സമീപിക്കാനാണ് പി.എസ്.സി നീക്കം. അന്വേഷണ സംഘം ഇതിനോടകം തന്നെ നിയമോപദേശം തേടിയിട്ടുണ്ടെങ്കിലും, അതിനു മുന്നേ തന്നെ നിയമനടപടികളിലേക്ക് കടക്കാനാണ് ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ തീരുമാനം.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ച പി.എസ്.സി അംഗം സെയ്ഫ് ചക്കുവള്ളി ക്രൈംബ്രാഞ്ചിന് മുന്നിൽ എത്തില്ല. അതേസമയം വിഷയത്തിലെ ഭരണഘടനാപരമായ വശങ്ങൾ പരിശോധിച്ചു വരികയാണെന്നാണ് ഡി.ജി.പി പ്രതികരിച്ചത്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ വിഷയം വലിയ നിയമപോരാട്ടത്തിലേക്ക് വഴിമാറുമെന്ന് ഉറപ്പായി.



