ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിന്മേൽ ഏകദേശ ധാരണയായതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് അംഗരാജ്യങ്ങൾക്കെല്ലാം സ്വീകാര്യമായ പരാമർശങ്ങളാകും പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുക. രാജ്യങ്ങളുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെയുള്ള എല്ലാത്തരം ആക്രമണങ്ങളെയും പ്രഖ്യാപനം ശക്തമായി അപലപിക്കുമെങ്കിലും യു.എസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളെ പേരെടുത്ത് വിമർശിക്കില്ലെന്നാണ് സൂചന. ഭീകരവാദത്തെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്ന പ്രഖ്യാപനത്തിൽ വിവിധ മേഖലകളിലെ സഹകരണത്തിനായി പത്ത് പ്രധാന നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയേക്കും.
അതേസമയം, ഇന്ത്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാനമായ ധാരണകൾ പൂർണ്ണമായി നടപ്പാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരമായും സാംസ്കാരികമായും ഏറെ സമാനതകൾ നിലനിൽക്കുന്നുണ്ടെന്നും സഹകരണം കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും ഇറാൻ വ്യക്തമാക്കി.



