കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവിച്ച നവജാത ശിശുവിന്റെ ശരീരത്തിൽ നിന്ന് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോൾ ചെയർമാനായ സമിതിയിൽ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി മേധാവി ഡോ. ബിന്നി ജോൺ എന്നിവരാണ് മറ്റ് അംഗങ്ങൾ. കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലെ എല്ലാ ആക്ഷേപങ്ങളും ഈ സമിതി വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകും.
കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും മകൾ അദ്വികയുടെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. 2025 ജൂൺ 24-നായിരുന്നു ജനനം. പ്രസവത്തിന് ശേഷം പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് കുട്ടിയെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ചാണ് ചികിത്സാപിഴവ് സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. കുഞ്ഞിന്റെ ശരീരത്തിൽ കണ്ട അസ്വാഭാവിക തടിപ്പ് ശ്രദ്ധയിൽപ്പെട്ട് ഡോക്ടറെ അറിയിച്ചപ്പോൾ സ്കാനിംഗിന് നിർദ്ദേശിച്ചെങ്കിലും പ്രശ്നങ്ങളൊന്നുമില്ലെന്നാണ് മറുപടി ലഭിച്ചത്. എന്നാൽ തടിപ്പുള്ള ഭാഗത്തല്ല സ്കാനിംഗ് നടത്തിയതെന്നും, പിന്നീട് കുഞ്ഞിന് കഠിനമായ വേദനയും മുലപ്പാൽ കുടിക്കാൻ പ്രയാസവും അനുഭവപ്പെട്ടിരുന്നതായും കുടുംബം വ്യക്തമാക്കുന്നു.



