വാട്സ്ആപ്പിലൂടെ വിവിധ വീട്ടുബില്ലുകളും യൂട്ടിലിറ്റി ബില്ലുകളും ഇനി നേരിട്ട് അടയ്ക്കാം. ‘ബിൽ പേയ്മെന്റ്സ്’ എന്ന പുതിയ ഫീച്ചർ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. മെസേജിങ് ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ ബില്ലുകൾ കണ്ടെത്താനും പരിശോധിക്കാനും പണമടയ്ക്കാനും ഈ സേവനത്തിലൂടെ സാധിക്കും. ഭാരത് കണക്ട് ശൃംഖലയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ സംവിധാനം വഴി വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്, വായ്പ തിരിച്ചടവ് തുടങ്ങി 30 വിഭാഗങ്ങളിലായി 22,722 ബില്ലർമാരുടെ സേവനങ്ങളാണ് ലഭ്യമാകുന്നത്.
വാട്സ്ആപ്പിന്റെ ഹോം സ്ക്രീനിലുള്ള രൂപ ചിഹ്നത്തിൽ ടാപ്പ് ചെയ്ത് ബിൽ പേയ്മെന്റ്സ് വിഭാഗത്തിലേക്ക് പ്രവേശിച്ച് ആവശ്യമായ ബില്ലറും അക്കൗണ്ട് വിവരങ്ങളും നൽകി തുക ഉറപ്പുവരുത്തിയ ശേഷം പണമടയ്ക്കാം. യു.പി.ഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് തുക കൈമാറാനുള്ള സൗകര്യവുമുണ്ട്. ഉപയോക്താക്കൾ പതിവായി ഉപയോഗിക്കുന്ന ബിൽ വിഭാഗങ്ങൾ ഹോം സ്ക്രീനിൽ തനിയെ തെളിയുന്നതിനൊപ്പം, നേരത്തെ പണമടച്ച ബില്ലർമാരെ വീണ്ടും എളുപ്പത്തിൽ കണ്ടെത്താൻ ‘ഹൗസ്ഹോൾഡ് ബിൽസ് സമ്മറി’ സഹായിക്കും. ഒരേ ബില്ലറിന് കീഴിൽ ഒന്നിലധികം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും ഓഫീസ്, കുടുംബാംഗങ്ങൾ എന്നിവരുടെ ബില്ലുകൾ അടയ്ക്കാനും ഇതിലൂടെ സാധിക്കും. വിവിധ ആവശ്യങ്ങൾക്കായി മറ്റ് ആപ്പുകളിലേക്ക് മാറുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ഈ ഫീച്ചർ ആൻഡ്രോയിഡ്, ഐ.ഓ.എസ് ഉപയോക്താക്കൾക്ക് വരും ആഴ്ചകളിൽ ഘട്ടംഘട്ടമായി ലഭ്യമായിത്തുടങ്ങും.



