നടി അൻസിബ ഹസനെതിരെ ലക്ഷ്മിപ്രിയ നടത്തിയ അവഹേളന പരാമർശങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതിയുടെ പ്രാഥമിക നിരീക്ഷണം. അൻസിബയുടെ പരാതി ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ സമർപ്പിച്ച ഹരജിയിൽ തിങ്കളാഴ്ച വിധി പറയുമെന്ന് വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായ മാനഹാനി വരുത്തുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പ്രധാന പരാതി. ഈ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും പരാതിയിൽ പ്രതിയാക്കിയിട്ടുണ്ട്.
നേരത്തെ പാലാരിവട്ടം പൊലീസിൽ നിരവധി തവണ പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറായില്ലെന്ന് അൻസിബ ആരോപിച്ചിരുന്നു. തുടർന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും, കേസെടുക്കാൻ മാത്രമുള്ള വകുപ്പുകളില്ലെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കി കോടതി ഹരജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്.



