പ്രശസ്ത സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (80) അന്തരിച്ചു.അരീക്കാട്ടെ വീട്ടിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന്റെ സംസ്കാരം വൈകിട്ട് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ നടക്കും.‘അവുക്ക’ എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന അബൂബക്കർ, മൂവായിരത്തിലധികം ഗാനങ്ങൾക്ക് ഈണം പകർന്ന് മാപ്പിളപ്പാട്ട് ശാഖയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്. കെ.ജെ. യേശുദാസ് ആലപിച്ച ‘കരയാനും പറയാനും മനം തുറന്നിരിക്കാനും’, കെ.എസ്.ചിത്ര പാടിയ ‘യത്തീമിന്നത്താണീ’ തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ ഈണത്തിൽ പിറന്നവയാണ്.
ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ ശില്പിയായ അദ്ദേഹം, സംഗീതലോകത്തെ പ്രഗത്ഭരായ ദേവരാജൻ മാസ്റ്റർ, ബോംബെ രവി തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരുടെ പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു. സ്ട്രോക്ക് വന്ന് കിടപ്പിലാകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പോലും പുതിയൊരു പാട്ടിന് അദ്ദേഹം ഈണം നൽകിയിരുന്നു.കെ.വി.സുബൈദയാണ് ഭാര്യ.ഗുലാം അലി, ഫയാസ്, റോഷ്നി, ഫെമിന, സജിന എന്നിവരാണ് മക്കൾ.



