കളിക്കളത്തിലെ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനുള്ളിലെ വൻ ഭിന്നത മറനീക്കി പുറത്തുവരുന്നു. ക്യാപ്റ്റൻ ബാബർ അസമും പ്രമുഖ പേസർ ഷഹീൻ ഷാ അഫ്രീദിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ടീമിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് മുൻ പാക് താരം ബസിത് അലി തുറന്നടിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 194 റൺസിന്റെ കനത്ത തോൽവിയോടെ പരമ്പര നഷ്ടമായതിന് പിന്നാലെയാണ് ഡ്രസ്സിംഗ് റൂമിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും സജീവ ചർച്ചയാകുന്നത്. ഒരു സ്പോർട്സ് ഷോയിൽ സംസാരിക്കവെയാണ്, ബാബർ അസം ശക്തനായ ഒരു ക്യാപ്റ്റനല്ലെന്നും നായകസ്ഥാനത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ ഭിന്നതയോടെയാണ് പാക് ക്രിക്കറ്റിന്റെ തകർച്ച തുടങ്ങിയതെന്നും ബസിത് അലി വ്യക്തമാക്കിയത്. മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഷഹീൻ അഫ്രീദി, ഷാൻ മസൂദ് എന്നിവരിലൂടെ നായകസ്ഥാനം കസേരകളി പോലെ മാറിയതും ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു.
പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ടീമിൽ കടുത്ത നടപടികൾ സ്വീകരിച്ചു. പകുതിയോളം പ്രധാന താരങ്ങളെ മാറ്റിനിർത്തിയ ബോർഡ് പരിശീലക നിരയിലും വൻ അഴിച്ചുപണി നടത്തി. മുഹമ്മദ് റിസ്വാൻ, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഘ, അലി ഉസ്മാൻ, ആമിർ ജമാൽ, അവൈസ് സഫർ, ഖുറം ഷഹ്സാദ് എന്നീ ഏഴ് താരങ്ങളെ ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചയച്ചു. ഇവർക്ക് പകരം അഞ്ച് നവാഗതർ ഉൾപ്പെടെയുള്ള യുവനിരയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെഡ് കോച്ച് സർഫറാസ് അഹമ്മദ്, ബൗളിംഗ് കോച്ച് ഉമർ ഗുൽ എന്നിവർക്ക് പകരം വൈറ്റ് ബോൾ പരിശീലകരായ മൈക്ക് ഹെസൻ, ആഷ്ലി നോഫ്കെ എന്നിവർക്ക് പുതിയ ചുമതല നൽകി. പരമ്പരയിലെ അവസാന പോരാട്ടം എഡ്ജ്ബാസ്റ്റണിലാണ് നടക്കുന്നത്.



