രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വീണ്ടും വർധനവ് വരുത്തി. 19 കിലോഗ്രാം സിലിണ്ടറിന് 9 രൂപ 50 പൈസയാണ് ഉയർത്തിയത്. ഇതോടെ ഡൽഹിയിൽ പുതുക്കിയ വില 2,747 രൂപ 50 പൈസയും മുംബൈയിൽ 2,701 രൂപയുമായി. ചെന്നൈയിൽ 2,916.50 രൂപയും കൊച്ചിയിൽ 2,783.50 രൂപയുമാണ് ഒരു വാണിജ്യ സിലിണ്ടറിന്റെ നിരക്ക്. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല.
അമേരിക്ക-ഇറാൻ സംഘർഷത്തിനും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്കും നേരിയ ശമനം വന്നതിനെ തുടർന്ന് മുൻപ് കുറച്ചിരുന്ന വാണിജ്യ സിലിണ്ടർ വിലയിലാണ് മാസാരംഭത്തിൽ ഈ പുതിയ വർധനവുണ്ടായിരിക്കുന്നത്. ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, കുടുംബശ്രീ യൂണിറ്റുകൾ, ഭക്ഷ്യ സംസ്കരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ പ്രതിമാസ വിലവർധനവ് കനത്ത തിരിച്ചടിയാകും. മുൻപ് തുടർച്ചയായി വില കൂടിയ പശ്ചാത്തലത്തിൽ ഹോട്ടൽ ഭക്ഷണ നിരക്കുകൾ വർധിപ്പിച്ചിരുന്നതിനാൽ, പുതിയ നീക്കം വ്യാപാര മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കും.



