മലയാളികളുടെ സന്തോഷത്തിലും സങ്കടത്തിലും കൂടെക്കൂട്ടാൻ പാട്ടുകളുടെ ഒരു വലിയ പ്രപഞ്ചം തന്നെ ബാക്കിവെച്ച് സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് പതിനഞ്ച് വർഷ തികയുകയാണ്. ഹാർമോണിയത്തോടും ഗിറ്റാറിനോടും പ്രിയം കാട്ടിയിരുന്ന അദ്ദേഹം അതുല്യ സംഗീതജ്ഞൻ ജി. ദേവരാജന്റെ ശിഷ്യനായാണ് തന്റെ സംഗീത യാത്ര ആരംഭിച്ചത്. ഭരതൻ സംവിധാനം ചെയ്ത ‘ആരവം’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംഗീത ലോകത്തേക്ക് കടന്നുവന്ന ജോൺസൺ മാഷ്, പിന്നീട് മലയാളികളുടെ നെഞ്ചിൽ ചിരപ്രതിഷ്ഠ നേടിയ നിരവധി ഈണങ്ങൾക്ക് ജന്മം നൽകി.
‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’, ‘തൂവാനത്തുമ്പികൾ’, ‘ഞാൻ ഗന്ധർവൻ’ തുടങ്ങി പദ്മരാജന്റെ പതിനേഴോളം സിനിമകൾക്ക് ഈണം പകർന്നത് അദ്ദേഹമായിരുന്നു. പദ്മരാജന് പുറമെ ഭരതൻ, സത്യൻ അന്തിക്കാട്, കമൽ, ലോഹിതദാസ് എന്നിവരുടെ ചിത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ സംഗീതത്തിന്റെ വശീകരണസിദ്ധി മലയാളി അനുഭവിച്ചറിഞ്ഞു. ജോൺസൺ മാഷിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയിലും ‘ഇനിയൊന്നു പാടൂ ഹൃദയമേ’ എന്ന് മനസിൽ പാടിക്കൊണ്ട് ആ ഓർമ്മകളെ മലയാളി ഇന്നും നെഞ്ചിലേറ്റുന്നു.



