India Mirror News

50 സ്ക്രീനുകളുമായി മാജിക് ഫ്രെയിംസ്: കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ശൃംഖലയായി ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ കമ്പനി

50 സ്ക്രീനുകളുമായി മാജിക് ഫ്രെയിംസ്: കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ശൃംഖലയായി ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ കമ്പനി

മോളിവുഡിന്റെ തിയേറ്റർ സങ്കൽപ്പങ്ങളെ ആകെ മാറ്റിമറിച്ചുകൊണ്ട് ഒരു വൻ കുതിച്ചുചാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ് പ്രമുഖ നിർമ്മാണ കമ്പനിയായ മാജിക് ഫ്രെയിംസ്. 50 സ്ക്രീനുകൾ എന്ന അപൂർവ്വവും ചരിത്രപരവുമായ നേട്ടം സ്വന്തമാക്കിക്കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ഗ്രൂപ്പായി ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് മാറിക്കഴിഞ്ഞു.

ഈ നേട്ടത്തിന് തിളക്കമേറ്റിക്കൊണ്ട് കമ്പനിയുടെ 50-ാമത്തെ സ്ക്രീൻ തിങ്കളാഴ്ച കാക്കനാട്ട് പ്രവർത്തനം ആരംഭിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന ഈ തിയേറ്റർ സമുച്ചയത്തിൽ നാല് സ്ക്രീനുകളാണുള്ളത്. അതിൽ സിനിമ കാണൽ അനുഭവത്തെ അടുത്ത തലത്തിലേക്ക് എത്തിക്കുന്ന അത്യാധുനിക ‘ട്രാൻസ്പെരന്റ് എൽഇഡി’ സ്ക്രീനും ഉൾപ്പെടുന്നു എന്നത് സിനിമാ പ്രേമികൾക്ക് ഏറെ ആവേശം പകരുന്ന ഒന്നാണ്.

പ്രേക്ഷകർ ആഗ്രഹിക്കുന്ന ശബ്ദ-ദൃശ്യ മികവോടെ സിനിമ കാണാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുക എന്നതാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്ന് കമ്പനി ഉടമയും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കുന്നു. മികച്ച ഫുഡ് കോർട്ട്, സൗകര്യപ്രദമായ പാർക്കിംഗ്, വൃത്തിയുള്ള വാഷ് റൂമുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി നൽകുന്നിടത്താണ് തിയേറ്ററുകൾ ജനപ്രിയമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വലിയ നഗരങ്ങളിൽ മാത്രം തിയേറ്ററുകൾ കേന്ദ്രീകരിക്കാതെ, കൂടുതൽ കാണികളെ ആകർഷിക്കാൻ ശേഷിയുള്ള ചെറിയ പട്ടണങ്ങളിലേക്ക് കൂടി തിയേറ്റർ സംസ്കാരം വളർത്തിയെടുക്കുകയാണ് മാജിക് ഫ്രെയിംസ് ചെയ്യുന്നത്. നിലവിൽ കറുകച്ചാൽ, വെള്ളരിക്കുണ്ട്, എടക്കര തുടങ്ങിയ ചെറുമേഖലകൾ ഉൾപ്പെടെ 23 കേന്ദ്രങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തിയേറ്ററുകളിലൂടെ എണ്ണായിരത്തിലധികം സീറ്റിംഗ് കപ്പാസിറ്റിയാണ് മാജിക് ഫ്രെയിംസ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ, കോലഞ്ചേരിയിൽ ഒരുങ്ങുന്ന അടുത്ത തിയേറ്റർ സമുച്ചയവും ഉടൻ തന്നെ പ്രേക്ഷകർക്കായി വാതിൽ തുറക്കും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *