India Mirror News

മണീടിൽ പഞ്ചായത്തിന്റെ എതിർപ്പും പ്രതിഷേധവും തള്ളി കളക്ടർ; കരിങ്കൽ ക്വാറിക്ക് അനുമതി നൽകാൻ നീക്കം

മണീടിൽ പഞ്ചായത്തിന്റെ എതിർപ്പും പ്രതിഷേധവും തള്ളി കളക്ടർ; കരിങ്കൽ ക്വാറിക്ക് അനുമതി നൽകാൻ നീക്കം

സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ നിരന്തരം ഭീതി വിതയ്ക്കുമ്പോഴും, ജനകീയ പ്രതിഷേധങ്ങളെയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നിലപാടിനെയും തള്ളി എറണാകുളം മണീട് പഞ്ചായത്തിൽ വീണ്ടും കരിങ്കൽ ക്വാറി തുറക്കാൻ നീക്കം. പഞ്ചായത്ത് ഭരണസമിതി പാസാക്കിയ പ്രമേയവും പ്രദേശവാസികളുടെ ശക്തമായ എതിർപ്പും അവഗണിച്ച് ജില്ലാ ഭരണകൂടം ക്വാറിക്ക് അനുമതി നൽകാൻ കാണിക്കുന്ന അസാധാരണ ധൃതിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മണീട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മുൻപ് ജനങ്ങളുടെ സമരം കാരണം 2010-ൽ അടച്ചുപൂട്ടിയ ക്വാറിക്കാണ് ഇപ്പോൾ വീണ്ടും പ്രവർത്തനാനുമതി നൽകാൻ കളക്ടർ തലത്തിൽ വഴിയൊരുങ്ങുന്നത്.

പാറമടകൾക്കെതിരെ വ്യാപക പരാതികൾ നിലനിൽക്കുന്ന ഘട്ടത്തിൽ പഞ്ചായത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ നടപടിയെന്ന് ഭരണസമിതി ചൂണ്ടിക്കാണിക്കുന്നു. പഞ്ചായത്ത് ലൈസൻസ് നൽകാതിരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ട് അനുമതി നൽകുകയായിരുന്നുവെന്ന് മണീട് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. വിഷയം നേരിട്ട് ബോധ്യപ്പെടുത്താൻ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ചെന്നെങ്കിലും, താനാണ് ലൈസൻസ് നൽകിയതെന്നും വരുന്ന പ്രശ്നങ്ങൾ താൻ പരിഹരിച്ചുകൊള്ളാമെന്നുമുള്ള നിലപാടാണ് കളക്ടർ സ്വീകരിച്ചത്. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സമീപത്തുള്ള സ്കൂളും പള്ളിയും സംരക്ഷിക്കണമെന്നുമാണ് പഞ്ചായത്തിന്റെ ആവശ്യം. എന്നാൽ, ക്വാറി വീണ്ടും പ്രവർത്തനമാരംഭിച്ചാൽ ചുറ്റുമുള്ള കുടുംബങ്ങളുടെ ജീവിതം ഭീഷണിയിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഈ വിഷയത്തിൽ പ്രതികരണത്തിനായി പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ജില്ലാ കളക്ടർ ജി. പ്രിയങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *