വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ (എഫ്.സി.ആർ.എ) വിവാദ വ്യവസ്ഥകളിൽ ഇളവുകൾ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നു. ലൈസൻസ് റദ്ദാക്കപ്പെടുന്ന സംഘടനകളുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടുമെന്ന പ്രധാന വിവാദ വ്യവസ്ഥയിൽ നിന്ന് മുൻകാല പ്രാബല്യം ഒഴിവാക്കാനാണ് നിലവിലെ നീക്കം. ഇക്കാര്യം കേന്ദ്രം പ്രതിപക്ഷത്തെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി വിഷയം ചർച്ച ചെയ്തിരുന്നു. മുൻപ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാരണമാണ് ബിൽ അവതരിപ്പിക്കുന്നത് നീട്ടിവെച്ചതെങ്കിലും, നടപ്പു പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ സഭയിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്.
വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾക്കുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ മുൻപ് കൂടുതൽ കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മതപരിവർത്തന പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയപ്പോൾ വിശ്വാസ പ്രചാരണത്തിന് അനുമതി നൽകിയിരുന്നു. ചില മേഖലകളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്. കൂടാതെ നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. അനുവദനീയമായ പരിധിക്ക് മുകളിൽ ഭരണപരമായ ആവശ്യങ്ങൾക്ക് സംഭാവന ചെലവഴിച്ചാലും, തുക വകമാറ്റി ഉപയോഗിച്ചാലും ഒരു ലക്ഷം രൂപ വീതമാണ് പിഴ. കൂടാതെ, ഊഹക്കച്ചവട നിക്ഷേപങ്ങൾക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുന്നതിനൊപ്പം ലഭിച്ച ലാഭത്തിന്റെ നൂറു ശതമാനവും തിരിച്ചുപിടിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു.



