India Mirror News

മുഖ്യമന്ത്രിയുടെ പ്രസംഗം സ്കൂളിൽ കാണിച്ചു; ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ

മുഖ്യമന്ത്രിയുടെ പ്രസംഗം സ്കൂളിൽ കാണിച്ചു; ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ

തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളിൽ മുഖ്യമന്ത്രി വിജയ്‌യുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്ത സംഭവത്തിൽ സ്‌കൂൾ ഹെഡ്മിസ്ട്രസിന് സസ്‌പെൻഷൻ. കൃഷ്ണരായപുരത്തെ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്. മല്ലികയ്‌ക്കെതിരെയാണ് സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് കർശന നടപടിയെടുത്തത്. മുഖ്യമന്ത്രി കരൂരിൽ നടത്തിയ പ്രസംഗം സ്‌കൂൾ സമയത്ത് വിദ്യാർത്ഥികൾ കൂട്ടത്തോടെ കാണുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ലംഘിച്ചതിനും ഔദ്യോഗിക കൃത്യവിലോപം കാണിച്ചതിനും അധ്യാപികയെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഇവർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികളും ആരംഭിച്ചിട്ടുണ്ട്.

സ്‌കൂളുകളിൽ രാഷ്ട്രീയ പ്രവർത്തകർക്ക് പ്രവേശനം വിലക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ കർശനമായ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത് മറികടന്നാണ് ഹെഡ്മിസ്ട്രസ് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം കാണിക്കാൻ സ്വന്തം നിലയ്ക്ക് തീരുമാനമെടുത്തത്. പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് ഹെഡ്മിസ്ട്രസിന്റെ പൂർണ്ണമായും ഏകപക്ഷീയമായ തീരുമാനമായിരുന്നുവെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജ്മോഹൻ എക്സിലൂടെ വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്നും സമാനമായ മറ്റൊരു സംഭവത്തിലും നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളിൽ രാഷ്ട്രീയത്തിന് യാതൊരു സ്ഥാനവുമില്ലെന്നും ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *