India Mirror News

കുഞ്ഞു മിയയ്ക്ക് കാരുണ്യക്കടലായി മലയാളി മനസ്സ്; 16.5 കോടിയുടെ മരുന്നിനായി മൂന്ന് ദിവസം കൊണ്ട് തുക സമാഹരിച്ചു.

കുഞ്ഞു മിയയ്ക്ക് കാരുണ്യക്കടലായി മലയാളി മനസ്സ്; 16.5 കോടിയുടെ മരുന്നിനായി മൂന്ന് ദിവസം കൊണ്ട് തുക സമാഹരിച്ചു.

കൊച്ചി: അപരസ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും അതുല്യമായ മാതൃക ഒരിക്കൽക്കൂടി ലോകത്തിന് മുന്നിൽ തെളിയിച്ച് മലയാളി മനം. അപൂർവ രോഗം ബാധിച്ച് ജീവിതത്തോട് പോരാടുന്ന ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞു മിയയുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ നിധിയിലേക്ക് ആവശ്യമായ 16.5 കോടി രൂപ വെറും മൂന്ന് ദിവസം കൊണ്ടാണ് മലയാളികൾ സമാഹരിച്ചു നൽകിയത്. ലക്ഷ്യമിട്ട തുക പൂർണ്ണമായും അക്കൗണ്ടിൽ എത്തിയതിനെത്തുടർന്ന് ചികിൽസാ സഹായ സമിതി ബാങ്ക് അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിച്ചു. മൂവാറ്റുപുഴ ഏനനല്ലൂർ സ്വദേശികളായ ജിനുവിന്റെയും നിമ്മിയുടെയും മകളായ മിയ മറിയം ജിനുവിന് ‘സ്പൈനൽ മസ്കുലർ അട്രോഫി’ (SMA) എന്ന അതീവ ഗുരുതരമായ ജനിതക രോഗമാണെന്ന് ദിവസങ്ങൾക്ക് മുൻപാണ് തിരിച്ചറിഞ്ഞത്.

കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ 16 കോടിയിലധികം രൂപ വിലവരുന്ന ജീൻ തെറാപ്പി മരുന്ന് വിദേശത്തുനിന്ന് അടിയന്തരമായി എത്തിക്കണമെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ സാധാരണക്കാരായ ആ കുടുംബം കടുത്ത ആശങ്കയിലായിരുന്നു. ഭീമമായ ഈ മരുന്ന് വില കേട്ട് പകച്ചുനിന്ന കുടുംബത്തിന് താങ്ങായി മാധ്യമ വാർത്തകൾക്ക് പിന്നാലെ ജനങ്ങൾ ഒന്നടങ്കം രംഗത്തിറങ്ങുകയായിരുന്നു. നിലവിൽ കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഡോ. സ്മിലു മോഹൻലാലിന്റെ മേൽനോട്ടത്തിലാണ് കുഞ്ഞിന്റെ ചികിത്സ പുരോഗമിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മകളുടെ ജീവനായി കാരുണ്യഹസ്തം നീട്ടിയ എല്ലാ നല്ലവരായ മനുഷ്യർക്കും മിയയുടെ മാതാപിതാക്കൾ കണ്ണീരോടെ നന്ദി അറിയിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *