ദോഹ: പശ്ചിമേഷ്യയിൽ വീണ്ടും സമാധാന പ്രതീക്ഷകൾ ഉണർത്തിക്കൊണ്ട് ദോഹയിൽ നടന്ന ഇറാൻ-യുഎസ് പരോക്ഷ ചർച്ചകൾ അവസാനിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കൽ, വിവിധ വിദേശ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ സ്വത്തുക്കൾ വിട്ടുനൽകൽ തുടങ്ങിയ സുപ്രധാന ധാരണകൾ മുൻനിർത്തിയായിരുന്നു ചർച്ചകളെന്നാണ് വിവരം. ഖത്തറിൽ നടന്ന ചർച്ചകളിൽ മികച്ച പുരോഗതിയുണ്ടായതായി ഖത്തർ വിദേശകാര്യ വക്താവ് സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ നേരിട്ട് ചർച്ച നടത്തിയില്ലെങ്കിലും ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിലാണ് ദോഹയിൽ ഈ പരോക്ഷ ചർച്ചകൾ പൂർത്തിയായത്. അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷമേ അടുത്ത ഘട്ട ചർച്ചകൾ നടക്കൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദോഹയിൽ നടന്ന നയതന്ത്ര നീക്കങ്ങൾ വളരെ മികച്ചതായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചപ്പോൾ, ആണവ വിഷയത്തിൽ ഉടൻ തന്നെ ഇരുവിഭാഗവും തമ്മിൽ ചർച്ചകൾ നടക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും വ്യക്തമാക്കി. എന്നാൽ തങ്ങളുടെ സൈനിക ശേഷിയിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കർശന നിലപാടിലാണ് ഇറാൻ. ഇതിനുപുറമെ, രാജ്യത്തെ ആണവ നിലയങ്ങളിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് പരിശോധന നടത്താനുള്ള അനുമതി ബുഷഹർ പ്ലാന്റിലുൾപ്പെടെ രണ്ടിടങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുമെന്നും മറ്റ് കേന്ദ്രങ്ങളിൽ പരിശോധന സാധ്യമല്ലെന്നും ഇറാന്റെ പാർലമെന്ററി സ്പീക്കർ മൊഹമ്മദ് ഖാലിബാഹ് വ്യക്തമാക്കി.
നയതന്ത്ര തലത്തിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും തെക്കൻ ലെബനനിലെ ബിന്ത് ബെയിൽ ജില്ലയിലും ഗാസയിലും ഇസ്രയേൽ ആക്രമണങ്ങൾ തുടരുകയാണ്. ഗാസയിലുണ്ടായ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, ജെറുസലേമിൽ പുതിയ യുഎസ് എംബസി നിർമിക്കുന്നതിനുള്ള കരാറിൽ അമേരിക്ക ഒപ്പുവെച്ചതായും വിവരമുണ്ട്. അതേസമയം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ നേരിയ അയവുണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 71.57 ഡോളറിലേക്കാണ് താഴ്ന്നത്.



