മുംബൈയിൽ ഏറെ വിവാദമായ നാസിക്കിലെ ടിസിഎസ് മതപരിവർത്തന, ലൈംഗികപീഡനക്കേസിലെ മുഖ്യപ്രതി നിദാ ഖാന് നാസിക് റോഡ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി കെ.ജി. ജോഷി ജാമ്യം അനുവദിച്ചു. പ്രതി നിലവിൽ അഞ്ചുമാസം ഗർഭിണിയാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ്, 75,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലും തത്തുല്യ തുകയ്ക്കുള്ള ആൾജാമ്യത്തിലും കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജയിലിൽ വെച്ച് കുഞ്ഞിന് ജന്മം നൽകേണ്ടി വരുന്നത് ഒരു സ്ത്രീക്കും താങ്ങാൻ കഴിയുന്ന ഒന്നല്ലെന്നും, അത് കടുത്ത മാനസികാഘാതമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. ഭഗവാൻ ശ്രീകൃഷ്ണന്റെ ജനനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി ഈ വിഷയം പരാമർശിച്ചത്. ഇത്തരം വേദനാജനകമായ സാഹചര്യങ്ങൾ ഒഴിവാക്കാനും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ക്ഷേമത്തിനും വേണ്ടിയാണ് പ്രതിയുടെ അപേക്ഷയിൽ അനുകൂല തീരുമാനമെടുക്കുന്നതെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
ടിസിഎസ് ജീവനക്കാരിയായിരുന്ന നിദാ ഖാനെ ഇക്കഴിഞ്ഞ മേയ് ഏഴിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിന് പിന്നാലെ 25 ദിവസത്തോളം ഒളിവിലായിരുന്ന പ്രതിയെ പിന്നീട് ഛത്രപതി സംഭാജിനഗറിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തതും തുടർന്ന് ജയിലിൽ റിമാൻഡ് ചെയ്തതും. കേസിൽ ഇതിനോടകം തന്നെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതിനാൽ ഗർഭിണിയായ പ്രതിയെ ഇനിയും തടവിൽ പാർപ്പിക്കുന്നതിൽ അർത്ഥമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് കോടതി പ്രതിക്ക് കടുത്ത നിബന്ധനകളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.



