ദോഹ: അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രാധാന്യമുള്ള ഹോർമൂസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുക എന്നത് ഏറെ സങ്കീർണ്ണമായ ദൗത്യമാണെന്നും, ഇതിനായി അന്താരാഷ്ട്ര വിദഗ്ദ്ധരുടെ സേവനം അനിവാര്യമാണെന്നും പ്രമുഖ മധ്യസ്ഥ രാജ്യമായ ഖത്തർ വ്യക്തമാക്കി. നിലവിൽ അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയുടെ ഭാഗമായുള്ള നേരിട്ടുള്ള ചർച്ചകൾ ഒന്നും തന്നെ നടക്കുന്നില്ലെന്നും ഖത്തർ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണകൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ പ്രധാന തടസ്സമായി നിൽക്കുന്നത് ഹോർമൂസിലെ ഈ സുരക്ഷാ പ്രശ്നങ്ങളാണ്. ഈ മേഖലയിലെ മൈനുകൾ നീക്കം ചെയ്യുന്ന ദൗത്യം അന്താരാഷ്ട്ര സഹായത്തോടെ വേണമെന്നാണ് ഖത്തറിന്റെ നിലപാടെങ്കിലും, അവിടെ തങ്ങൾ മാത്രമായിരിക്കും കാര്യങ്ങൾ ചെയ്യുകയെന്ന കടുപിടുത്തത്തിലാണ് ഇറാൻ. ഒമാൻ കൂടി ചേർന്നുണ്ടാക്കിയ സുരക്ഷിത നാവിക ഇടനാഴി ഇറാൻ ആക്രമിച്ച് അടപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ, മേഖലയിലെ ഇതര രാജ്യങ്ങളുടെ സമവായത്തോടെയുള്ള അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന ഖത്തറിന്റെ നിലപാടിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. നിലവിൽ അമേരിക്കൻ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജെറദ് കുഷ്നറും ദോഹയിലുണ്ടെങ്കിലും ഇരുവിഭാഗവും ഖത്തറുമായി മാത്രമാണ് ആശയവിനിമയം നടത്തുന്നത്. സാങ്കേതികപരമായ ചില വിഷയങ്ങളിൽ മാത്രമാണ് ഇപ്പോൾ ചർച്ചകൾ പരിമിതപ്പെട്ടിരിക്കുന്നത്.
ഹോർമൂസ് വിഷയത്തിന് പുറമെ, ഇറാന് ലഭിക്കേണ്ട സാമ്പത്തിക ഇളവുകളിലും ഫണ്ടുകളിലുമാണ് ഇരുപക്ഷവും തമ്മിൽ പ്രധാന തർക്കം നിലനിൽക്കുന്നത്. അമേരിക്ക തടഞ്ഞുവെച്ചിരിക്കുന്ന ഇറാന്റെ സ്വത്തുക്കളിൽ 1,200 കോടി ഡോളർ തങ്ങളുടെ സെൻട്രൽ ബാങ്കിന് നേരിട്ട് തന്നെ ലഭ്യമാക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ ഈ പണം അമേരിക്കൻ കർഷകരുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്ന തരത്തിൽ മാത്രമേ വിനിയോഗിക്കാനാകൂ എന്നാണ് അമേരിക്കയുടെ വാദം. ഈ വിഷയത്തിൽ തങ്ങൾ വെറുമൊരു സാമ്പത്തിക മധ്യസ്ഥൻ മാത്രമാണെന്നും ഇറാന്റെ ഫണ്ടുകൾ ഖത്തർ നേരിട്ടല്ല കൈമാറുന്നതെന്നും വെറുമൊരു അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ചുമതല മാത്രമാണ് തങ്ങൾക്കുള്ളതെന്നും ഖത്തർ വിദേശകാര്യ വക്താവ് വ്യക്തമാക്കി. അതേസമയം, നിലവിലെ പ്രതിസന്ധികൾക്കിടയിലും ഇറാനുമായി ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാൻ തന്നെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻതൂക്കം നൽകുന്നതെന്ന് പ്രമുഖ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.



