ലഖ്നൗ: ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ രോഗിയെ ജീവനക്കാരി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് സ്വീപ്പറായ പിങ്കിയെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ആശുപത്രിയിലെ തറയിൽ ഇരിക്കുകയായിരുന്ന പുരുഷനെ ജീവനക്കാരി ക്രൂരമായി ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെറും 35 സെക്കൻഡിനിടെ പത്തോളം തവണയാണ് ഇവർ രോഗിയെ ചവിട്ടി പരിക്കേൽപ്പിച്ചത്. മർദനമേറ്റയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് വിവരം. സംഭവം വലിയ രീതിയിൽ വിവാദമായതോടെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, കുറ്റക്കാരിയായ ജീവനക്കാരിക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ആശുപത്രി അധികൃതർക്ക് നേരിട്ട് നിർദേശം നൽകുകയായിരുന്നു.
ഉപമുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ജീവനക്കാരിയെ അടിയന്തരമായി സസ്പെൻഡ് ചെയ്ത ആശുപത്രി സൂപ്രണ്ട്, സംഭവത്തെക്കുറിച്ച് വിശദമായ വകുപ്പുതല അന്വേഷണം നടത്തുന്നതിനായി ഒരു മൂന്നംഗ സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് കുമാർ ഘോഷ് വ്യക്തമാക്കി. രോഗികളോട് ജീവനക്കാർ മാന്യമായ രീതിയിൽ മാത്രമേ പെരുമാറുന്നുള്ളൂ എന്ന് എല്ലാ മെഡിക്കൽ ഓഫീസർമാരും കർശനമായി ഉറപ്പുവരുത്തണമെന്നും അദ്ദേഹം പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.



