ലാഹോർ: പാകിസ്ഥാനിലെ ലാഹോറിനടുത്തുള്ള കഹ്നയിലെ ബസ്തി ഈദ് ഗായിൽ സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്നുവീണ് 14 കുട്ടികൾക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച കുട്ടികൾ ക്ലാസിലിരുന്ന് പഠിച്ചുകൊണ്ടിരുന്ന സമയത്താണ് കെട്ടിടത്തിന്റെ മുകൾഭാഗം പെട്ടെന്ന് താഴേക്ക് പതിച്ച് വലിയ ദുരന്തമുണ്ടായത്. അപകടത്തിൽ ഒരു അധ്യാപകനും എട്ട് കുട്ടികളും ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുരുന്നുകളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും. പരിക്കേറ്റ ചില കുട്ടികളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ ഉടനടി അന്വേഷണം ആരംഭിച്ച പാകിസ്ഥാൻ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളരെ പഴയതും ജീർണ്ണിച്ചതുമായ ഒരു കെട്ടിടത്തിലാണ് ഈ ട്യൂഷൻ സെന്റർ പ്രവർത്തിച്ചിരുന്നതെന്നും കെട്ടിടത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നുവെന്നും പ്രദേശവാസികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
പൂർത്തിയാകാത്ത രണ്ടാമത്തെ നിലയുടെ മേൽക്കൂരയാണ് താഴത്തെ ക്ലാസ് മുറിയിലേക്ക് തകർന്നുവീണത്. അപകടം നടക്കുന്ന സമയത്ത് നിർമ്മാണ തൊഴിലാളികൾ ഈ മുകൾനിലയിൽ ടൈലുകൾ പാകുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങളിലെ കടുത്ത സുരക്ഷാ വീഴ്ചയും നിലവാരമില്ലാത്ത നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചതുമാണ് ഈ വലിയ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിരീക്ഷണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള കെട്ടിട നിർമ്മാണവും നിർമ്മാണ സാമഗ്രികളുടെ മോശം ഗുണനിലവാരവും കാരണം പാകിസ്ഥാനിൽ മേൽക്കൂരകളും കെട്ടിടങ്ങളും തകർന്നുവീഴുന്നത് ഒരു വലിയ ആഭ്യന്തര പ്രശ്നമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ജൂലൈയിലും സമാനമായ രീതിയിൽ കറാച്ചിയിലെ ലിയാരിയിൽ അഞ്ച് നില കെട്ടിടം തകർന്ന് 27 പേർ മരണപ്പെട്ടിരുന്നു.



