India Mirror News

അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; പൊലീസ് റിപ്പോർട്ട് തള്ളി.

അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; പൊലീസ് റിപ്പോർട്ട് തള്ളി.

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ വിശദമായ അന്വേഷണം നടത്താൻ എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ടിനി ടോമിനെതിരെ കേസ് എടുക്കാൻ തക്ക തെളിവുകളില്ലെന്ന പൊലീസിന്റെ മുൻ റിപ്പോർട്ട് അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രഥമദൃഷ്ട്യാ താരം കുറ്റം ചെയ്തിട്ടുണ്ടെന്ന് നിരീക്ഷിച്ചു. ജിഹാദി അടക്കമുള്ള അധിക്ഷേപ പരാമർശങ്ങൾ തമാശയ്ക്ക് വിളിച്ചതാണെന്നായിരുന്നു പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ കേസിൽ നടി നീന കുറുപ്പ് നൽകിയ മൊഴി നിർണായകമാവുകയും ഭാരതീയ ന്യായ സംഹിത (BNS) 173 (5) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കടവന്ത്ര പൊലീസിന് കോടതി വ്യക്തമായ നിർദേശം നൽകുകയുമായിരുന്നു.

‘അമ്മ’ സംഘടനയ്ക്കുള്ളിലെ തർക്കങ്ങളാണ് ഇപ്പോൾ കോടതി നടപടികളിലേക്ക് വരെ എത്തിനിൽക്കുന്നത്. തനിക്കെതിരെ ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിക്കുകയും വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ടിനി ടോമിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് അൻസിബ ആദ്യം കടവന്ത്ര പൊലീസിനെ സമീപിച്ചത്. എന്നാൽ പൊലീസ് കേസ് എടുക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് താരം കോടതിയിൽ സ്വകാര്യ ഹർജി ഫയൽ ചെയ്തത്. ഈ ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഇപ്പോൾ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ ടിനി ടോം പൂർണ്ണമായും നിഷേധിച്ചിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെയും അൻസിബ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇവർക്കെതിരെ നിലവിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *