തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിനായി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം എത്തുന്നു. തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി പോർട്സും ലോകത്തെ പ്രമുഖ കപ്പൽചാൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (എംഎസ്ഇ) അനുബന്ധ സ്ഥാപനവും തമ്മിലാണ് കൈകോർക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ അദാനിയുടെ 49 ശതമാനം ഓഹരികൾ എംഎസ്ഇ ഗ്രൂപ്പ് ഏറ്റെടുക്കും. ആകെ 27,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിയിൽ ഏകദേശം പതിമൂവായിരം കോടി രൂപയാണ് എംഎസ്ഇ ഗ്രൂപ്പ് നിക്ഷേപിക്കുക. ഈ വൻ നിക്ഷേപത്തോടെ വിഴിഞ്ഞം തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ചരക്ക് കൈകാര്യം ചെയ്യൽ ശേഷിക്കും വലിയ രീതിയിലുള്ള കുതിച്ചുചാട്ടമുണ്ടാകും. നിലവിൽ 16 ലക്ഷം ടിഇയു (ട്വന്റി ഫൂട്ട് ഇക്വിവാലന്റ് യൂണിറ്റ്) വാർഷിക ശേഷിയുള്ള തുറമുഖത്തിന്റെ വികസനം പൂർത്തിയാകുന്നതോടെ ഇത് മൂന്നര മടങ്ങിലധികം വർദ്ധിച്ച് 57 ലക്ഷം ടിഇയുവിലേക്ക് ഉയരും.
വിഴിഞ്ഞം തുറമുഖം അതിവേഗം വളരുന്ന ഒരു പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി മാറിയിട്ടുണ്ടെന്നും പ്രവർത്തനമാരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 2 ദശലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്യൽ എന്ന ചരിത്രനേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ തുറമുഖമായി വിഴിഞ്ഞം മാറുമെന്നും അദാനി പോർട്സ് സിഇഒ അശ്വനി ഗുപ്ത വ്യക്തമാക്കി. പുതിയ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ കിഴക്കൻ ആഫ്രിക്കൻ വ്യാപാര മേഖലകളിൽ സാന്നിധ്യം ശക്തമാക്കാനും ബംഗ്ലാദേശ് വഴിയുള്ള ചരക്കുനീക്കം വലിയ തോതിൽ വർദ്ധിപ്പിക്കാനും സാധിക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. 2024 ഡിസംബറിൽ കമ്മീഷൻ ചെയ്ത വിഴിഞ്ഞം, ഇന്ത്യയിലെ ആദ്യത്തെ ഡീപ് ഡ്രാഫ്റ്റ് മെഗാ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ്. നിലവിലെ വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ 2028 ഡിസംബറോടെ തുറമുഖത്തിന്റെ ആകെ ശേഷി 5.7 ദശലക്ഷം ടിഇയു ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.



