തിരുവനന്തപുരം: കേരളത്തിൽ നിന്ന് ലഹരി മാഫിയയെ പൂർണ്ണമായും തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാാക്കി. ആധുനിക സാങ്കേതികവിദ്യയുടെ പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ലഹരി സംഘങ്ങൾക്കെതിരെ ‘തൂഫാൻ ദി നാർക്കോ ഹണ്ട്’ എന്ന പേരിൽ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലഹരി ഉത്പന്നങ്ങളുടെ ഉറവിടവും അവ വിതരണം ചെയ്യുന്ന ശൃംഖലകളും ഒരുപോലെ ഇല്ലാതാക്കുമെന്നും, ഈ ലഹരിവിരുദ്ധ യുദ്ധത്തിൽ പൊലീസ് തന്നെ വിജയം കൈവരിക്കുമെന്ന ഉറപ്പുണ്ടെന്നും ഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ പ്രത്യേക ദൗത്യം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്തുടനീളം അയ്യായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ഞൂറിലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ അടക്കം പൂർണ്ണമായ സഹകരണത്തോടെയാണ് നിലവിൽ ഈ സംയുക്ത പരിശോധനകൾ പുരോഗമിക്കുന്നത്. ഇത് താൽക്കാലികമായ ഒരു നടപടിയല്ലെന്നും വരുംദിവസങ്ങളിലും തുടർച്ചയായ പരിശോധനകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തേക്ക് എത്തുന്ന ലഹരിമരുന്നുകളുടെ റൂട്ടുകളെക്കുറിച്ചും ഡിജിപി കൃത്യമായ വിവരങ്ങൾ പങ്കുവെച്ചു. കഞ്ചാവ് പ്രധാനമായും ആന്ധ്രാപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് കേരളത്തിലേക്ക് എത്തുന്നതെന്നും, മാരകമായ രാസലഹരി വസ്തുക്കളുടെ പ്രധാന ഉറവിടം ബെംഗളൂരുവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നും വലിയ തോതിൽ ലഹരിമരുന്നുകൾ കേരളത്തിലേക്ക് എത്തുന്നുണ്ട്. അതേസമയം, കാസർഗോഡ് കാഞ്ഞങ്ങാട് പട്രോളിങ്ങിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും സർക്കാർ തലത്തിൽ ഉറപ്പാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.



