ആലപ്പുഴ: കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ തൻ്റെ വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിൽ ഉയർന്ന ആരോപണങ്ങൾക്കെതിരെ വിശദീകരണവുമായി കുട്ടനാട് എംഎൽഎ റെജി ചെറിയാൻ രംഗത്തെത്തി. താൻ മദ്യപിച്ച് വാഹനം ഓടിച്ചിട്ടില്ലെന്നും തനിക്കെതിരെ ഉയർന്നിട്ടുള്ളത് രാഷ്ട്രീയ പ്രേരിതമായ ദുരാരോപണങ്ങൾ മാത്രമാണെന്നും എംഎൽഎ വ്യക്തമാക്കി. ചമ്പക്കുളം വള്ളംകളി കഴിഞ്ഞ് സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് എ സി റോഡിൽ ചമ്പക്കുളത്തുവെച്ച് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുന്നത്. അപകടത്തിൽ പെട്ട നെടുമുടി ആശാരി പറമ്പിൽ സുനീഷിനെ (22) ഉടനടി ആശുപത്രിയിലെത്തിക്കാൻ വേണ്ട കാര്യങ്ങളെല്ലാം താൻ ചെയ്തിരുന്നുവെന്നും പോലീസ് എത്തിയ ശേഷം തൻ്റെ ഡ്രൈവറെ അവിടെ നിർത്തിയിട്ടാണ് താൻ സംഭവസ്ഥലത്തുനിന്നും പോയതെന്നും റെജി ചെറിയാൻ പറഞ്ഞു. താൻ മദ്യപിച്ചിരുന്നു എന്ന രീതിയിൽ വാർത്ത നൽകിയ മാധ്യമങ്ങൾ അത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ തനിക്കെതിരെ ഫേസ്ബുക്കിലൂടെ ആരോപണമുന്നയിച്ചവർ പിന്നീട് ആ പോസ്റ്റ് പിൻവലിച്ചതായും എംഎൽഎ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനവും എതിർദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം ചമ്പക്കുളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിന് പിന്നാലെ എംഎൽഎ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും അപകട സ്ഥലത്തുനിന്നും അദ്ദേഹം മുങ്ങിയെന്നും ആരോപിച്ച് ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവൽ രംഗത്തെത്തിയിരുന്നു. എംഎൽഎയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും വിഷയത്തിൽ പോലീസ് ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജെയിംസ് സാമുവൽ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നെങ്കിലും വിവാദമായതോടെ ഈ പോസ്റ്റ് പിന്നീട് പിൻവലിക്കുകയായിരുന്നു.



