ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നടപടികൾ ശക്തമാകുന്നു. കേസിൽ മുൻ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായ ചമ്പത്ത് റായിയെ അന്വേഷണസംഘം മൂന്ന് മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തു. എന്നാൽ അയോധ്യയിലെ വൻ തട്ടിപ്പിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും തന്റെ ജീവനക്കാർ ഇത്തരമൊരു മോഷണം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ ചമ്പത്ത് റായ് മൊഴി നൽകിയത്. അതേസമയം, സംഭാവനകളിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ ചമ്പത്ത് റായിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും എന്നാൽ ഇതിനെതിരെ അദ്ദേഹം യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി ട്രസ്റ്റിൽ നിന്നും നേരത്തെ രാജിവെച്ച അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ വീണ്ടും വിളിപ്പിച്ചു ചോദ്യം ചെയ്യുമെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിലെ നോട്ട് എണ്ണുന്ന മുറിയുടെ ശുചിമുറിയിൽ നിന്ന് കഴിഞ്ഞ ജൂൺ നാലിന് കെട്ടുകണക്കിന് പണം കണ്ടെത്തിയതോടെയാണ് ഈ വൻ കൊള്ള പുറത്തറിയുന്നത്. അന്ന് നാല് ലക്ഷത്തോളം രൂപയാണ് അവിടെ നിന്നും പിടിച്ചെടുത്തത്. ഇതിന് പിന്നാലെ ട്രസ്റ്റ് ഉദ്യോഗസ്ഥരും ക്ഷേത്ര സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാരും ചേർന്ന് കൗണ്ടിംഗ് റൂമിലെ ജീവനക്കാരനായ അവിനാശ് ശുക്ലയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബാഗിലാക്കിയ നിലയിൽ കൂടുതൽ പണം കണ്ടെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്ന സാഹചര്യത്തിലാണ് ചമ്പത്ത് റായിയെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചതും ഇപ്പോൾ മൊഴി രേഖപ്പെടുത്തിയതും. കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് നിലവിൽ പൊലീസിന്റെ തീരുമാനം.



