കോഴിക്കോട് അരയിടത്തുപാലം മേൽപാലത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മേൽപ്പാലത്തിൽ നിന്നും താഴേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റിരുന്ന ദർസ് വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ പതിനേഴുകാരൻ അഹമ്മദ് അൽ സാബിത്താണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. പാലാഴി ഹിദായ ദർസിലെ വിദ്യാർത്ഥിയായ സാബിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് ഉൾപ്പെടെ രണ്ട് ഇരുചക്ര വാഹനങ്ങളും ഒരു കാറും തമ്മിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മേൽപാലത്തിൽ വെച്ച് കൂട്ടിയിടിച്ചത്.
അപകടസമയത്ത് സുഹൃത്ത് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സാബിത്ത്, ഇടിയുടെ അതിശക്തമായ ആഘാതത്തിൽ പാലത്തിൽ നിന്നും താഴെയുള്ള അപ്രോച്ച് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും ശരീരത്തിനും മാരകമായി പരിക്കേറ്റ സാബിത്തിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 11 മണിയോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽ സാബിത്തിനൊപ്പം ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് റബീൽ ഉൾപ്പെടെ പരിക്കേറ്റ മറ്റ് യാത്രക്കാർ നിലവിൽ വിവിധ ആശുപത്രികളിൽ തീവ്രപരിചരണത്തിൽ ചികിത്സയിലാണ്.



