സമീപകാല മലയാള സിനിമയിൽ സമാനതകളില്ലാത്ത പ്രീ റിലീസ് ഹൈപ്പുമായെത്തി ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രമാണ് ‘ദൃശ്യം 3’. എന്നാൽ ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ പൂർണ്ണമായ പോസിറ്റീവ് പ്രതികരണങ്ങൾക്ക് പകരം സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിലെ ചില ഘടകങ്ങൾ സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളുകൾക്ക് ഇരയാവുകയും ചെയ്തു. അതിൽ പ്രധാനമായും വിമർശിക്കപ്പെട്ടത് കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന കഥാപാത്രത്തിന്റെ കണ്ണിലെ ചുവപ്പും, ക്ലൈമാക്സിൽ ജോർജുകുട്ടിയോട് ജീവനായി യാചിക്കുന്ന രംഗവുമായിരുന്നു. ഈ ക്ലൈമാക്സ് രംഗത്തെക്കുറിച്ചും അതിനെച്ചൊല്ലി ഉയർന്ന ട്രോളുകളെക്കുറിച്ചും ദി ഷോസ്കേപ്പ് ജേണലിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് കലാഭവൻ ഷാജോൺ ഇപ്പോൾ.
ചിത്രീകരണ സമയത്ത് സഹദേവനെപ്പോലൊരു ക്രൂരനായ കഥാപാത്രം ഇത്ര പെട്ടെന്ന് തോറ്റുകൊടുക്കുമോ എന്ന ലോജിക്കൽ സംശയം ഒരു നടനെന്ന നിലയിൽ തനിക്കും തോന്നിയിരുന്നതായി ഷാജോൺ വെളിപ്പെടുത്തുന്നു. ക്ലൈമാക്സിൽ ശക്തമായൊരു ഫൈറ്റ് രംഗം ഉണ്ടാകുമെന്നാണ് താൻ കരുതിയതെങ്കിലും, സംവിധായകൻ ജീത്തു ജോസഫിന്റെ എഴുത്തിന് പിന്നിൽ കൃത്യമായ കാരണമുണ്ടാകുമെന്നതിനാൽ അന്ന് അത് ചർച്ച ചെയ്തിരുന്നില്ല. പിന്നീട് ട്രോളുകൾ സജീവമായപ്പോൾ ജീത്തു ജോസഫിനോട് ഇതിനെക്കുറിച്ച് ചോദിച്ചെന്നും, അതിന് അദ്ദേഹം നൽകിയ മറുപടി തികച്ചും യുക്തിഭദ്രമായിരുന്നുവെന്നും ഷാജോൺ പറയുന്നു. എത്ര വലിയ ക്രിമിനലാണെങ്കിലും സ്വന്തം ജീവന് ഭീഷണിയുണ്ടാകുമ്പോൾ ഭയന്ന് കാലുപിടിക്കുമെന്നും, പത്തുപേരുടെ കൂടെയുള്ള ധൈര്യം ഒറ്റയ്ക്കാവുമ്പോൾ ഉണ്ടാകില്ലെന്നുമുള്ള സംവിധായകന്റെ വിശദീകരണം തിയേറ്ററുകളിൽ ആളുകൾക്ക് സ്വീകരിക്കാൻ ബുദ്ധിമുട്ടായിരിക്കാം എങ്കിലും യാഥാർത്ഥ്യത്തോട് അടുത്തതാണെന്ന് തനിക്ക് ബോധ്യപ്പെട്ടതായി താരം വ്യക്തമാക്കുന്നു.
ഇതൊരു ന്യായീകരണമായി കാണേണ്ടതില്ലെന്നും, സഹദേവനെ എപ്പോഴും എതിരിടാൻ ആരുമില്ലാതിരുന്നതു കൊണ്ടാണ് അയാൾ ജോർജുകുട്ടിയെ നിരന്തരം ഉപദ്രവിച്ചതെന്നും ഷാജോൺ കൂട്ടിച്ചേർക്കുന്നു. എന്നാൽ തികച്ചും അപ്രതീക്ഷിതമായി ഒരു കത്തിയുമായി ജോർജുകുട്ടി മുന്നിലെത്തുമ്പോൾ ജീവനിലുള്ള കൊതികൊണ്ട് മാത്രമാണ് സഹദേവൻ അങ്ങനെ പ്രതികരിച്ചത്. ഒരുപക്ഷേ ചിത്രത്തിന് നാലും അഞ്ചും ഭാഗങ്ങൾ ഉണ്ടാകുകയാണെങ്കിൽ സംവിധായകൻ ഈ രംഗത്തിന് കൃത്യമായ വ്യക്തത വരുത്തുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും, മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് നൽകുന്ന സൂചനകൾ വെച്ച് ‘ദൃശ്യം 4’ ഉണ്ടാകുമെന്ന് തന്നെയാണ് പ്രത്യാശിക്കുന്നതെന്നും പറഞ്ഞാണ് ഷാജോൺ അഭിമുഖം അവസാനിപ്പിക്കുന്നത്.



