പൊതുഗതാഗത രംഗത്ത് വൻ വിപ്ലവം സൃഷ്ടിച്ച കൊച്ചി മെട്രോയ്ക്ക് ആഗോളതലത്തിൽ തിളക്കമാർന്ന അംഗീകാരം. ഈ മേഖലയിലെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ യുഐടിപി (UITP) ഇംപാക്ട് അവാർഡ് 2026 കൊച്ചി മെട്രോ സ്വന്തമാക്കി. മെട്രോ റെയിൽ, കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് ഫീഡർ ബസുകൾ, കാൽനടയാത്രക്കാർക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങൾ, സൈക്കിൾ ഷെയറിംഗ് സംവിധാനം, ഡിജിറ്റൽ മൊബിലിറ്റി സേവനങ്ങൾ എന്നിവയെല്ലാം ഒരൊറ്റ ശൃംഖലയിലേക്ക് കോർത്തിണക്കിയ നൂതനമായ ‘മൾട്ടിമോഡൽ ഇന്റഗ്രേഷൻ’ പദ്ധതിക്കാണ് ഈ ചരിത്ര നേട്ടം. യാത്രക്കാർക്ക് തടസ്സമില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ യാത്രാനുഭവം ഒരുക്കാൻ കെഎംആർഎൽ നടപ്പിലാക്കിയ ഈ സമഗ്ര പദ്ധതി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.ബെൽജിയത്തിലെ ബ്രസൽസിൽ വെച്ച് ജൂൺ 23-ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. പൊതുഗതാഗത മേഖലയിലെ ആഗോള സംഘടനയായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്‌പോർട്ട്, ലോകമെമ്പാടുമുള്ള ഏറ്റവും മികച്ചതും നൂതനവുമായ പദ്ധതികളെ വിലയിരുത്തിയാണ് ഈ പുരസ്‌കാരം നൽകുന്നത്. ‘Kochi Metro Rail: A Sustainable Multi Modal Integration Project for Better Connectivity’ എന്ന പേരിൽ സമർപ്പിച്ച പദ്ധതിയിലൂടെയാണ് കൊച്ചി മെട്രോ ഈ നേട്ടത്തിലേക്ക് എത്തിയത്. നഗരത്തിലെ വിവിധ ഗതാഗത സംവിധാനങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിച്ച കെഎംആർഎല്ലിന്റെ ഈ മാതൃകയ്ക്ക് ലഭിച്ച പുരസ്‌കാരം കൊച്ചിക്കും കേരളത്തിനും ഒരുപോലെ അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.
Tags:
You can share this post!
administrator



