India Mirror News

പ്രവാസികൾക്ക് ഇരട്ടി പ്രഹരം; പാസ്‌പോർട്ട് ഫീസിന് പിന്നാലെ ഗൾഫിലെ കോൺസുലർ സേവന നിരക്കുകളും കുത്തനെ കൂട്ടി.

പ്രവാസികൾക്ക് ഇരട്ടി പ്രഹരം; പാസ്‌പോർട്ട് ഫീസിന് പിന്നാലെ ഗൾഫിലെ കോൺസുലർ സേവന നിരക്കുകളും കുത്തനെ കൂട്ടി.

നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തിന് കനത്ത പ്രഹരമേകി കേന്ദ്ര സർക്കാരിന്റെയും ഔട്ട്‌സോഴ്‌സിങ് ഏജൻസികളുടെയും പുതിയ നിരക്ക് വർദ്ധനവ്. ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷാ ഫീസ് കുത്തനെ കൂട്ടിയ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടിക്ക് തൊട്ടുപിന്നാലെ, ഗൾഫ് രാജ്യങ്ങളിലെ കോൺസുലർ സേവന നിരക്കുകളും ഇരട്ടിയാകുകയാണ്. പാസ്‌പോർട്ട്, കോൺസുലർ സേവന കേന്ദ്രങ്ങളിലെ സർവീസ് ചാർജ് കുത്തനെ ഉയർത്തിയതോടെ പ്രവാസികൾക്ക് ഇനി വലിയൊരു സാമ്പത്തിക ബാധ്യതയാണ് ഒന്നിച്ച് വഹിക്കേണ്ടി വരിക. നാട്ടിൽ സാധാരണ പാസ്‌പോർട്ട് ഫീസ് 1500 രൂപയിൽ നിന്ന് 2500 രൂപയായി ഒറ്റയടിക്ക് വർദ്ധിപ്പിച്ച സാഹചര്യത്തിൽ, വിദേശത്ത് നാലോ അഞ്ചോ അംഗങ്ങളുള്ള ഒരു സാധാരണ പ്രവാസി കുടുംബത്തിന്റെ പാസ്‌പോർട്ട് ഒന്നിച്ച് പുതുക്കേണ്ടി വരുമ്പോൾ വലിയൊരു തുക അധികമായി കണ്ടെത്തേണ്ടി വരും. ഇതിന് പുറമെ അടിയന്തര ആവശ്യങ്ങൾക്കുള്ള തത്കാൽ നിരക്കിലും വൻ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്.പ്രവാസികളുടെ പോക്കറ്റ് ചോർത്തുന്ന ഈ പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് കുവൈറ്റിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന പുതിയ സേവനദാതാക്കളായ ഡ്യൂ ഡിജിറ്റൽ ഗ്ലോബൽ തങ്ങളുടെ സർവീസ് ചാർജ് കുത്തനെ കൂട്ടിയത്. കമ്പനി പുറത്തുവിട്ട പുതിയ നിരക്ക് പട്ടിക പ്രകാരം നിലവിൽ ഏകദേശം ഒരു ദിനാർ മാത്രമായിരുന്ന സർവീസ് ചാർജ് ആറു ദിനാറായി ഉയരും. ടൈപ്പിംഗ്, പ്രിന്റിംഗ്, അപേക്ഷാ സഹായം, ഫോട്ടോക്കോപ്പി, കൊറിയർ സേവനം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ പ്രവാസികൾക്ക് ആവശ്യാനുസരണം മാത്രം തെരഞ്ഞെടുക്കാമായിരുന്ന പല സേവനങ്ങളും പുതിയ സംവിധാനത്തിൽ നിർബന്ധിതമാക്കിയതോടെ സാധാരണക്കാരായ പ്രവാസികൾക്ക് ഇത് ഇരട്ടി പ്രഹരമായി മാറിയിരിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *