India Mirror News

അമ്മയിൽ ഭിന്നതയും ഗ്രൂപ്പിസവും ശക്തം; ആദ്യ യോഗം ചേർന്ന് അഡ്ഹോക്ക് കമ്മിറ്റി, പുതിയ ഭരണസമിതി ഉടൻ.

അമ്മയിൽ ഭിന്നതയും ഗ്രൂപ്പിസവും ശക്തം; ആദ്യ യോഗം ചേർന്ന് അഡ്ഹോക്ക് കമ്മിറ്റി, പുതിയ ഭരണസമിതി ഉടൻ.

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, പുതിയതായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ ആദ്യ യോഗം ഓൺലൈനായി ചേർന്നതായി കൺവീനറും എം.എൽ.എയുമായ രമേഷ് പിഷാരടി അറിയിച്ചു. സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്തുപോയ അംഗങ്ങളെ പരമാവധി അനുനയിപ്പിച്ച് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അമ്മയിലെ പൊട്ടിത്തെറിയെയും ശ്വേതാ മേനോന്റെ അധ്യക്ഷതയിലുള്ള ഭരണസമിതിയുടെ കൂട്ടരാജിയെയും തുടർന്ന് സംഘടനയ്ക്കുള്ളിൽ ഗ്രൂപ്പിസം ശക്തമായിരിക്കുകയാണ്. ഈ കലുഷിതമായ സാഹചര്യത്തിൽ പുതിയ അഡ്ഹോക്ക് കമ്മിറ്റിക്ക് വലിയ ഉത്തരവാദിത്വങ്ങളാണ് ഉള്ളത്. ഒരു താൽക്കാലിക ചുമതല മാത്രമാണ് തനിക്കുള്ളതെന്നും വരാനിരിക്കുന്ന പുതിയ ഭരണസമിതിയിലേക്ക് താൻ മത്സരിക്കാനില്ലെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.ഇതിനിടെ, സംഘടനയിലെ നാടകീയ നീക്കങ്ങളെക്കുറിച്ച് വിശദീകരിക്കാൻ മുൻ അധ്യക്ഷ ശ്വേതാ മേനോൻ ഇന്ന് നടത്താനിരുന്ന വാർത്താസമ്മേളനം അസുഖത്തെ തുടർന്ന് മാറ്റിവെച്ചു. കഴിഞ്ഞ രണ്ട് ഭരണസമിതികളുടെയും സാമ്പത്തിക ഇടപാടുകളും മുഴുവൻ കണക്കുകളും വിശദമായ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന ശക്തമായ ആവശ്യം സംഘടനയിലെ ഒരു വിഭാഗം ഇപ്പോൾ മുന്നോട്ടുവെക്കുന്നുണ്ട്. ഈ ആവശ്യത്തിൽ അഡ്ഹോക്ക് കമ്മിറ്റി കൈക്കൊള്ളുന്ന തീരുമാനം വരുംദിവസങ്ങളിൽ ഏറെ നിർണായകമാകും. അല്ലാത്തപക്ഷം, സ്ത്രീകളുടെ നേതൃത്വത്തിൽ വന്ന കമ്മിറ്റിയെ ബോധപൂർവം പുകച്ചുചാടിച്ചതാണെന്ന ആക്ഷേപങ്ങൾക്ക് അത് കൂടുതൽ ബലം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ഭരണസമിതി ഉടൻ തന്നെ അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അംഗങ്ങൾ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *