കഴിഞ്ഞ ദിവസം ഉസ്ബെക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്രമുഖ ആഗോള സ്പോർട്സ് ബ്രാൻഡായ നൈക്കിയുടെ സവിശേഷ ആദരം. മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യത്തെയും ഒരേയൊരുതുമായ താരം എന്ന സുവർണ്ണ റെക്കോർഡ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരുന്നു. പ്രായം 41-ൽ എത്തിനിൽക്കുമ്പോഴും ഫുട്ബോളിനോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശവും മികവും വീണ്ടും തെളിയിച്ച നായകന്റെ ഈ അപൂർവ നേട്ടത്തെയും അദ്ദേഹത്തിന്റെ 20 വർഷം നീണ്ട ലോകകപ്പ് കരിയറിനെയും അടയാളപ്പെടുത്തിക്കൊണ്ടാണ് നൈക്കി പ്രത്യേക ഡിസൈനിലുള്ള ബൂട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്.തന്റെ കരിയറിലെ ആറാം ലോകകപ്പാണ് ക്രിസ്റ്റ്യാനോ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുമുമ്പ് 2006, 2010, 2014, 2018, 2022 ലോകകപ്പുകളിൽ ഗോളടിച്ച താരം 2026 ലോകകപ്പിലും വലകുലുക്കിയതോടെയാണ് ഫുട്ബോൾ ചരിത്രത്തിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഈ അതുല്യ നേട്ടത്തിന് അർഹനായത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിന് ശേഷം ഉയർന്ന വിമർശനങ്ങളുടെ വായടപ്പിക്കുന്നതായിരുന്നു ഉസ്ബെക്കിസ്ഥാനെതിരായ ക്രിസ്റ്റ്യാനോയുടെ ഈ രണ്ടാം മത്സരത്തിലെ പ്രകടനം. കളിയിലെ റെക്കോർഡ് നേട്ടത്തിന് പിന്നാലെ നൈക്കി ഒരുക്കിയ ഈ പ്രത്യേക ആദരം ഇപ്പോൾ ഫുട്ബോൾ ലോകത്തും ആരാധകർക്കിടയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
Tags:
You can share this post!
administrator



