കേരളത്തിലെ വിവിധ സർവകലാശാലകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിടിമുറുക്കുന്നതായി റിപ്പോർട്ട്. എം ജി സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് എടുത്ത നിലപാട് പൂർണ്ണമായും തള്ളിക്കൊണ്ട് ഗവർണറുടെ പുനഃസംഘടന അംഗീകരിച്ച് വൈസ് ചാൻസലർ പുതിയ ഉത്തരവിറക്കി. സർവകലാശാലയിലെ പി.ജി, യു.ജി. വിഭാഗങ്ങളിലായി 54 പഠനബോർഡുകളാണ് ചാൻസിലർ കൂടിയായ ഗവർണർ പുനസംഘടിപ്പിച്ചത്. എന്നാൽ ഈ പുനഃസംഘടന ലിസ്റ്റ് സിൻഡിക്കേറ്റ് രണ്ടുതവണ തള്ളിക്കളഞ്ഞിരുന്നു. സിൻഡിക്കേറ്റിന്റെ ഈ നിലപാട് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ വൈസ് ചാൻസലർ ഗവർണറുടെ നിർദ്ദേശപ്രകാരം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എംജി സർവ്വകലാശാലയിലെ വിസി നിയമനത്തിലും സെനറ്റ് പുനഃസംഘടനയിലും നേരത്തെ തന്നെ വലിയ രീതിയിലുള്ള സംഘപരിവാർവൽക്കരണം നടക്കുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയിലൂടെ സംഘപരിവാർ അനുകൂലികളായവരെയും ആവശ്യത്തിന് യോഗ്യതയില്ലാത്തവരെയും തിരുകിക്കയറ്റിയെന്ന ആരോപണവുമായി ഇടത് സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.
സമാനമായ രീതിയിലുള്ള ഗുരുതരമായ ആക്ഷേപങ്ങളാണ് കേരളാ കാർഷിക സർവകലാശാലയിലും ഇപ്പോൾ ഉയർന്നു വരുന്നത്. കാർഷിക സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ബിജെപി അധ്യാപക സംഘടനയുടെ പ്രമുഖ നേതാവിനെ നിയമിക്കാൻ അണിയറയിൽ നീക്കം നടക്കുന്നതായാണ് പുതിയ പരാതി. വെള്ളാണിക്കര കാർഷിക കോളേജിലെ ഡീൻ ആയ ഡോ. സജിത റാണിയെ വി.സിയായി നിയമിക്കാനാണ് ഗവർണറുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടാകുന്നത്. ഇതിനുപുറമെ സർവകലാശാലയുടെ ജനറൽ കൗൺസിലിലേക്ക് പതിനൊന്ന് പുതിയ അംഗങ്ങളെ ചാൻസിലർ നോമിനേറ്റ് ചെയ്യുന്നതിലും കടുത്ത വിയോജിപ്പും എതിർപ്പുമായി ഇടത് സംഘടനകൾ രംഗത്തുണ്ട്. സർവകലാശാലകളുടെ സ്വയംഭരണാധികാരത്തിന് മേലുള്ള ചാൻസിലറുടെ ഇത്തരം ഇടപെടലുകൾ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.



