അമേരിക്കൻ ജനതയുടെ നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓർഗനൈസേഷൻ തങ്ങളുടെ ആദ്യ മൊബൈൽ ഫോണായ ‘ടി1’ വിപണിയിലെത്തിക്കുന്നു. ഫോണിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ‘ട്രംപ് മൊബൈൽ ടി1’ ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നതെന്ന് കമ്പനി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഈ ആഴ്ച തന്നെ ഫോണിന്റെ വിതരണം ആരംഭിക്കും. പൂർണ്ണമായും യുഎസിൽ തന്നെ അസംബിൾ ചെയ്ത ഈ ഫോണിന്റെ എല്ലാ ഭാഗങ്ങളും അമേരിക്കയിൽ നിർമ്മിച്ചതാണെന്നാണ് ട്രംപ് ഓർഗനൈസേഷന്റെ പ്രധാന അവകാശവാദം. മികച്ച സവിശേഷതകളോടെയെത്തുന്ന ടി1 ഫോണിന് 499 യുഎസ് ഡോളറാണ് (ഏകദേശം 41,500 ഇന്ത്യൻ രൂപ) വിപണിയിൽ വില നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം അതായത് 2025 ജൂണിൽ ഡൊണാൾഡ് ട്രംപ് ജൂനിയറും എറിക് ട്രംപും ചേർന്നാണ് സ്വർണ്ണ നിറത്തിലുള്ള ആകർഷകമായ ഡിസൈനിലുള്ള ഈ ഫോൺ ആദ്യമായി പ്രഖ്യാപിക്കുന്നത്. പൂർണ്ണമായും അമേരിക്കൻ നിർമ്മിതമെന്ന പരസ്യത്തോടെയെത്തിയ ഫോണിനായി 100 ഡോളർ മുൻകൂറായി നൽകി പതിനായിരക്കണക്കിന് ആളുകളാണ് അന്ന് ബുക്കിംഗ് നടത്തിയത്. ഈ തുക പിന്നീട് റീഫണ്ട് ചെയ്യാവുന്നതാണെന്നും കമ്പനി ഉറപ്പുനൽകിയിരുന്നു. എന്നാൽ 2025 ഓഗസ്റ്റിൽ പുറത്തിറങ്ങുമെന്ന് പറഞ്ഞിരുന്ന ഫോണിന്റെ ലോഞ്ച് സാങ്കേതിക കാരണങ്ങളാൽ അനിശ്ചിതമായി നീണ്ടുപോയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടക്കത്തിൽ ‘മെയ്ഡ് ഇൻ ദി യുഎസ്’ എന്ന് അവകാശപ്പെട്ടിരുന്ന കമ്പനി, പിന്നീട് തങ്ങളുടെ പരസ്യവാചകം ‘അമേരിക്കൻ മൂല്യങ്ങൾക്കുചിതമായ ഫോൺ’ എന്ന് തിരുത്തുകയും ചെയ്തു.
വിപണിയിലെ പ്രമുഖ ഓപ്പറേറ്റർമാരായ എടി&ടി, വെരിസോൺ, ടി-മൊബൈൽ എന്നിവർക്ക് വെല്ലുവിളിയുയർത്തുന്ന ചില പ്രത്യേക പ്ലാനുകളും ട്രംപ് മൊബൈൽ മുന്നോട്ടുവെക്കുന്നുണ്ട്. ഫോൺ ഉപയോഗിക്കുന്നതിനായി ഉപഭോക്താക്കൾ പ്രതിമാസം 47.45 ഡോളറിന്റെ റീചാർജ് പ്ലാൻ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഈ പ്ലാനിലൂടെ പരിധിയില്ലാത്ത കോളുകളും ഡാറ്റയും മെസേജുകളും ലഭിക്കുന്നതിനൊപ്പം ടെലിഹെൽത്ത് സൗകര്യവും റോഡ്‌സൈഡ് അസിസ്റ്റൻസും ഉപഭോക്താക്കൾക്ക് അധികമായി ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ആപ്പിളിനും സാംസങ്ങിനും വലിയ സ്വാധീനമുള്ള അമേരിക്കൻ മൊബൈൽ വിപണിയിൽ ട്രംപിന്റെ ഈ പുതിയ തരംഗം എത്രത്തോളം ചലനമുണ്ടാക്കുമെന്നാണ് വരും ദിവസങ്ങളിൽ ലോകം ഉറ്റുനോക്കുന്നത്.



