പുലിപ്പല്ല് കൈവശം വെച്ച കേസിൽ പ്രമുഖ മലയാളി റാപ്പർ വേടന് (അഖിൽ) കടുത്ത തിരിച്ചടി. വേടന്റെ പക്കൽ നിന്ന് പോലീസ് കണ്ടെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതോടെ കേസിൽ വനംവകുപ്പ് ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റമാണിത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ടാണ് വേടനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഈ പരിശോധനയ്ക്കിടയിലാണ് വേടന്റെ കഴുത്തിൽ ധരിച്ചിരുന്ന മാലയിലെ ലോക്കറ്റ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
പ്രാഥമിക പരിശോധനയിൽ തന്നെ ഇത് പുലിപ്പല്ലാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് വനംവകുപ്പ് നിയമവിരുദ്ധമായി വന്യജീവി അവശിഷ്ടങ്ങൾ കൈവശം വെച്ചതിന് കേസെടുക്കുകയായിരുന്നു. തുടർന്ന് വേടന് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും, ഒരു വർഷത്തിന് ശേഷം ഇപ്പോൾ പുറത്തുവന്ന ശാസ്ത്രീയ പരിശോധനാ ഫലം താരത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ പുലിപ്പല്ല് വേടന് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചും വനംവകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ചെന്നൈയിൽ വെച്ച് നടന്ന ഒരു റാപ്പ് ഷോയ്ക്കിടെ ശ്രീലങ്കൻ വംശജനായ രഞ്ജിത്ത് കുമ്പിടി എന്നയാൾ തനിക്ക് സമ്മാനമായി നൽകിയതാണ് ഈ മാലയെന്നായിരുന്നു വേടൻ നൽകിയ മൊഴി. എന്നാൽ നിലവിൽ ലഭിച്ച ശാസ്ത്രീയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ വേടനെ പ്രതിയാക്കി ശക്തമായ കുറ്റപത്രവുമായി മുന്നോട്ട് പോകാനാണ് വനംവകുപ്പിന്റെ തീരുമാനം.



