India Mirror News

കോൺഗ്രസ് മന്ത്രിപ്പട്ടികയ്ക്ക് അന്തിമരൂപമാകുന്നു; ആഭ്യന്തരം ചെന്നിത്തലയ്ക്ക്, പുതിയ ഉപാധിയുമായി കെ.സി വേണുഗോപാലും

കോൺഗ്രസ് മന്ത്രിപ്പട്ടികയ്ക്ക് അന്തിമരൂപമാകുന്നു; ആഭ്യന്തരം ചെന്നിത്തലയ്ക്ക്, പുതിയ ഉപാധിയുമായി കെ.സി വേണുഗോപാലും

കേരളത്തിലെ പുതിയ യുഡിഎഫ് മന്ത്രിസഭയിലെ കോൺഗ്രസ് പ്രതിനിധികളെ സംബന്ധിച്ച് നിർണ്ണായകമായ ധാരണകളായതായി സൂചന. രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം. ലിജു, പി.സി. വിഷ്ണുനാഥ്, സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എന്നിവരുൾപ്പെടെ ആറുപേർ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നുള്ള വിവരം. കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാൽ, ദീപാ ദാസ് മുൻഷി, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ എന്നിവർ നടത്തിയ ചർച്ചയിൽ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും നൽകാൻ ധാരണയായിരുന്നു. എന്നാൽ, ഇതിന് പിന്നാലെ തന്റെ വിശ്വസ്തനായ അൻവർ സാദത്തിനെക്കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന പുതിയ ഉപാധി ചെന്നിത്തല മുന്നോട്ടുവെച്ചിട്ടുണ്ട്. അൻവർ സാദത്തിന് മന്ത്രിസ്ഥാനം നൽകിയില്ലെങ്കിൽ താൻ മന്ത്രിസഭയിലേക്കില്ലെന്ന കടുത്ത നിലപാടിലാണ് അദ്ദേഹം ഇപ്പോഴും. അതേസമയം, സംസ്ഥാനത്തെ ധനകാര്യ വകുപ്പ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ നേരിട്ട് കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ പദവിയിലേക്ക് പരിഗഗണിക്കുമ്പോൾ ഘടകകക്ഷി നേതാവായ സി.പി. ജോണിന് മുഴുവൻ കാലാവധിയുമുള്ള മന്ത്രിസ്ഥാനം ഉറപ്പായിട്ടുണ്ട്. എന്നാൽ അനൂപ് ജേക്കബ്, മാണി സി. കാപ്പൻ എന്നിവരുടെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

പുതിയ മന്ത്രിസഭയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതിനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വി.ഡി. സതീശനും തങ്ങളുടെ വിശ്വസ്തരുടെ പേരുകളുമായി സജീവമായി രംഗത്തുണ്ട്. സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദീഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ എന്നിവർക്കൊപ്പം എൻ. ശക്തൻ, ഓ.ജെ. ജനീഷ് എന്നിവരുൾപ്പെടെ എട്ടുപേരുടെ പട്ടികയാണ് കെ.സി. വേണുഗോപാൽ പക്ഷം മുന്നോട്ടുവെച്ചിട്ടുള്ളത്. മറുഭാഗത്ത് കെ. മുരളീധരൻ, ചാണ്ടി ഉമ്മൻ എന്നിവരുൾപ്പെടെ നാലുപേരെ വി.ഡി. സതീശനും മന്ത്രിസ്ഥാനത്തേക്ക് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ കെ. മുരളീധരന്റെ മന്ത്രിസ്ഥാനം പൂർണ്ണമായും ഉറപ്പിച്ചു കഴിഞ്ഞു. ഗ്രൂപ്പ് സമവാക്യങ്ങളും നേതാക്കളുടെ ആവശ്യങ്ങളും പരിഗണിച്ച് കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് വൈകിട്ടോടെ തന്നെ അന്തിമ തീരുമാനമെടുക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണി നേതൃത്വം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *