India Mirror News

തമിഴ്‌നാടും ബംഗാളും ബൂത്തിലേക്ക്; ദക്ഷിണേന്ത്യയും കിഴക്കൻ ഇന്ത്യയും വിധിയെഴുതുന്നു

തമിഴ്‌നാടും ബംഗാളും ബൂത്തിലേക്ക്; ദക്ഷിണേന്ത്യയും കിഴക്കൻ ഇന്ത്യയും വിധിയെഴുതുന്നു

രാജ്യം ഉറ്റുനോക്കുന്ന വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് തന്നെ പോളിങ് കേന്ദ്രങ്ങളിൽ വോട്ടർമാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു തുടങ്ങി. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 38 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 5.73 കോടി വോട്ടർമാരാണ് തമിഴ്‌നാട്ടിൽ ജനവിധിയെഴുതുന്നത്. 4,834 സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ള തമിഴ്‌നാട്ടിൽ സമാധാനപരമായ വോട്ടെടുപ്പിനായി കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസാമി തുടങ്ങിയ പ്രമുഖർ ഉച്ചയ്ക്ക് മുൻപ് തന്നെ വോട്ട് രേഖപ്പെടുത്തും. തമിഴ് രാഷ്ട്രീയത്തിലെ പുതിയ സാന്നിധ്യമായ ടിവികെ അധ്യക്ഷൻ വിജയ് നീലാങ്കരയിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തുന്നതും വലിയ ശ്രദ്ധാകേന്ദ്രമാണ്. സംസ്ഥാനത്തെ 5,949 ബൂത്തുകളെ അതീവ സുരക്ഷാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി 300 കമ്പനി കേന്ദ്രസേനയെയും 83,000-ത്തിലധികം പോലീസുകാരെയുമാണ് തമിഴ്‌നാട്ടിൽ വിന്യസിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാളിലും ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 16 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 152 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത്. 1478 സ്ഥാനാർത്ഥികൾ ജനവിധി തേടുന്ന ഈ ഘട്ടത്തിൽ 3.6 കോടി വോട്ടർമാരാണുള്ളത്. ബിജെപിയുടെ സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം, തന്ത്രപ്രധാനമായ സിലിഗുരി, ബംഗ്ലാദേശ് അതിർത്തി പങ്കിടുന്ന കൂച്ച് ബെഹാർ, മുർഷിദാബാദ് തുടങ്ങിയ പ്രമുഖ മണ്ഡലങ്ങളെല്ലാം ഈ ആദ്യഘട്ടത്തിലാണ് ഉൾപ്പെടുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങൾ ഒഴിവാക്കാൻ 2407 കമ്പനി കേന്ദ്രസേനയെയാണ് ബംഗാളിൽ വിന്യസിച്ചിട്ടുള്ളത്. സുഗമമായ പോളിങ് ഉറപ്പാക്കാൻ തമിഴ്‌നാട്ടിൽ ഒരു ലക്ഷത്തിലധികം വോട്ടിങ് മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്; ഇതിൽ 20 ശതമാനത്തോളം മെഷീനുകൾ കരുതൽ ശേഖരമായി വെച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ തരംഗമുണ്ടോ അതോ ഭരണത്തുടർച്ചയുണ്ടാകുമോ എന്നറിയാനുള്ള നിർണ്ണായക പോരാട്ടത്തിനാണ് ഇന്ന് തുടക്കമിട്ടിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *