India Mirror News

പശ്ചിമേഷ്യയിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; പൈലറ്റുമാരെ രക്ഷിച്ചു; ട്രംപിനെതിരെ ഇറാൻ പ്രസിഡന്റ്

പശ്ചിമേഷ്യയിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; പൈലറ്റുമാരെ രക്ഷിച്ചു; ട്രംപിനെതിരെ ഇറാൻ പ്രസിഡന്റ്

പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായി തുടരുന്നതിനിടെ, 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും 365 പേർക്ക് പരിക്കേറ്റതായും യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. ഇറാൻ വെടിവച്ചിട്ട എഫ്-15, എ-10 പോർവിമാനങ്ങളിലെ ഓരോ പൈലറ്റുമാരെ വീതം സാഹസികമായി രക്ഷപ്പെടുത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും എഫ്-15 വിമാനത്തിലെ ഒരു ക്രൂ അംഗത്തെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. പരിക്കേറ്റവരിൽ ഭൂരിഭാഗവും കരസേനാംഗങ്ങളാണ്; 247 കരസേനക്കാർക്കും 63 നാവികസേനാംഗങ്ങൾക്കും 19 മറീനുകൾക്കും 36 എയർമെൻമാർക്കുമാണ് പരിക്കേറ്റത്. കാണാതായ സൈനികന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടെ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്.

നിലവിലെ രക്ഷാദൗത്യത്തിന് തടസ്സമുണ്ടാകാതിരിക്കാൻ രക്ഷാപ്രവർത്തനം നടക്കുന്ന മേഖലകളിൽ താൽക്കാലികമായി വ്യോമാക്രമണങ്ങൾ നിർത്തിവെച്ചതായി ഇസ്രയേൽ അറിയിച്ചു. അതിനിടെ, ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷഷ്‌കിയാൻ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ട്രംപിന്റെ വാക്കുകൾ വലിയ യുദ്ധക്കുറ്റങ്ങൾ ചെയ്യാനുള്ള ഉദ്ദേശ്യത്തിന്റെ പരസ്യമായ സമ്മതമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇരുവിഭാഗവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ തുടരുന്നത് മേഖലയെ കൂടുതൽ വലിയ യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്ക ലോകരാജ്യങ്ങൾക്കിടയിൽ ശക്തമാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *